പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; നടപടി 67 കോടിയുടെ സ്വത്തുക്കളില്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ (പിഎഫ്‌ഐ) വീണ്ടും സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി ഇഡി. കേരളത്തില്‍ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഏകദേശം 67 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. എസ് ഡി പി ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന് കീഴിലുള്ള പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തെ നിരോധിത സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഇഡിയും എന്‍ഐഎയും നടത്തിയ രാജ്യ വ്യാപക റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ നേതാക്കള്‍ക്കെതിരെ അടക്കം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം അന്ന് 19 നേതാക്കളാണ് അറസ്റ്റിലായത്. രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉപയോഗിച്ച് രാജ്യത്തിനെതിരായി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായ കേസ്.
പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനം നടത്തിയെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്നും ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒപ്പം ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് എന്നിവയും നിരോധിക്കപ്പെട്ടിരുന്നു.
2023 മാര്‍ച്ചില്‍ യുഎപിഎ ട്രിബ്യൂണല്‍ സംഘടനകളുടെ നിരോധനം ശരിവെച്ചിരുന്നു. നിരോധനത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം ഈ വിഷയം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.












Click it and Unblock the Notifications