കർണാടകയിലെ അധികാര തർക്കം; തുറന്ന് സമ്മതിച്ച് സിദ്ധരാമയ്യ, 'വ്യക്തത വരുത്തേണ്ടത് ഹൈക്കമാൻഡ്'
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിലുള്ള അധികാര തർക്കം കോൺഗ്രസിനുള്ളിൽ സംശയങ്ങൾക്ക് ഇടയാക്കിയെന്ന് പരസ്യമായി തുറന്ന് സമ്മതിച്ച് സിദ്ധരാമയ്യ. ഈ ആശയക്കുഴപ്പത്തിന് ഹൈക്കമാൻഡിന് മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഡൽഹിയിലേക്ക് പോകുന്ന എംഎൽഎമാരെക്കുറിച്ചുള്ള ചോദ്യത്തോടും സിദ്ധരാമയ്യ പ്രതികരിച്ചു. 'അവർക്ക് പോകാം. എംഎൽഎമാർക്ക് ഡൽഹിയിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായം എന്താണെന്ന് നോക്കാം. ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കുന്നത്. ഈ ആശയക്കുഴപ്പത്തിന് അറുതി വരുത്താൻ ഹൈക്കമാൻഡ് ഒരു തീരുമാനമെടുക്കണം' അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരും ഡികെ. ശിവകുമാറിനെ അനുകൂലിക്കുന്നവരും ഡൽഹിയിലേക്ക് പോകുന്നത് മന്ത്രിസ്ഥാനങ്ങൾക്കും നേതൃത്വപരമായ മാറ്റങ്ങൾക്കും വേണ്ടിയുള്ള സമ്മർദ്ദം ഹൈക്കമാൻഡിലും കേന്ദ്ര നേതൃത്വത്തിലും ചെലുത്താനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.
നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഡികെ ശിവകുമാറും കയറിയത് പലരെയും അത്ഭുതപ്പെടുത്തി. യാത്രയ്ക്കിടെ ഇരുനേതാക്കളും വിശദമായ ചർച്ച നടത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
തുടർന്ന് കനകപുരയിൽ വെച്ച് മാധ്യമങ്ങളെ കണ്ട ശിവകുമാർ, നേതൃത്വപരമായ വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കാൻ വിസമ്മതിച്ചു. ഇത് ഏതാനും മുതിർന്ന നേതാക്കൾക്കിടയിൽ മാത്രം ഒതുങ്ങുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. നേതൃത്വപരമായ വിഷയം ഞങ്ങളിൽ അഞ്ചോ ആറോ പേർക്കിടയിലുള്ളതാണ്. ഇത് പരസ്യമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്റെ മനസ്സാക്ഷിയെ ഞാൻ വിശ്വസിക്കുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കാനോ ദുർബലമാക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയും പ്രവർത്തകരുമുള്ളതുകൊണ്ടാണ് ഞങ്ങൾ ഇവിടെയുള്ളതെന്നും ശിവകുമാർ പറഞ്ഞിരുന്നു. അടുത്ത ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്ന സിദ്ധരാമയ്യയുടെ പ്രസ്‌താവനയെ ശിവകുമാർ അംഗീകരിച്ചു.
അതേസമയം, എംഎൽഎമാർ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഈ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് ശിവകുമാർ പറഞ്ഞത്. മന്ത്രിമാരാകാനുള്ള പ്രതീക്ഷയിലാകാം എംഎൽഎമാർ ഡൽഹിയിലേക്ക് പോയത്. ഞാൻ അവരെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. അവർ എന്തിനാണ് പോയതെന്ന് പോലും ഞാൻ അവരോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡിനാണ് സമ്മർദ്ദം ഏറുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ സംസ്ഥാനത്ത് ഒരു അധികാര തർക്കം നിലനിൽക്കുന്നു എന്ന് സമ്മതിച്ച സാഹചര്യത്തിൽ. മാത്രമല്ല ഡികെ ശിവകുമാറിന്റെ വാക്കുകളിലും ഇത് പ്രകടമാണ്. എംഎൽഎമാരുടെ ഡൽഹി യാത്ര, പരസ്യ പ്രതികരണങ്ങൾ, രഹസ്യ യോഗങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്.
എങ്കിലും ഹൈക്കമാൻഡ് ഉടൻ ഇടപെടുമോ എന്ന് കണ്ടറിയണം. പ്രത്യേകിച്ച് സിദ്ധരാമയ്യയും ഡികെ ശിവകുമാറും സംസ്ഥാനത്ത് ഒരുപോലെ ശക്തരായ നേതാക്കൾ ആണെന്നിരിക്കെ ആലോചിച്ച ശേഷം മാത്രമേ കേന്ദ്ര നേതൃത്വത്തിന് ഒരു അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന്റെ തീരുമാനം ഉറ്റുനോക്കുകയാണ് ഇരു നേതാക്കളെയും പിന്തുണയ്ക്കുന്ന അണികൾ എല്ലാവരും.












Click it and Unblock the Notifications