അമിതാഭ് ബച്ചന് പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി, കാണാന്‍ അഭിഷേകും ഐശ്വര്യയും
ദില്ലി: ഇന്ത്യന്‍ സിനിമയിലെ ജീവിക്കുന്ന ഇതിഹാസമായ അമിതാഭ് ബച്ചന് പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരം ബച്ചന് സമ്മാനിച്ചത്. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചന്‍, മരുമകളും നടിയുമായ ഐശ്വര്യ റായ് എന്നിവരും ഉണ്ടായിരുന്നു.
ആസാമീസ് സംവിധായകന്‍ ജാനു ബറുവയ്ക്കും പത്മവിഭൂഷന്‍ സമ്മാനിച്ചു. മലയാളിയായ കെ കെ വേണുഗോപാല്‍, മാളൂര്‍ രാമസ്വാമി ശ്രീനിവാസന്‍ എന്നിവരും പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിന് എത്തിയിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ ചടങ്ങിന് എത്തിയിരുന്നില്ല. നടന്‍ ദിലീപ്കുമാറിനെയും രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ദിലീപ് കുമാറിന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്താന്‍ കഴിഞ്ഞില്ല.

റിപ്പബ്ലിക് ദിനത്തിലായിരുന്നു അമിതാഭ് ബച്ചന് പത്മവിഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒന്‍പത് പേര്‍ക്കാണ് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ചത്. ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കെ കെ വേണുഗോപാല്‍, സ്വാമി രാമചന്ദ്രാചാര്യ, മാളൂര്‍ രാമസ്വാമി ശ്രീനിവാസന്‍, വിദേശ വ്യവസായി കരീം അല്‍ ഹുസൈന്‍ അഗാ ഖാന്‍ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ ജേതാക്കള്‍.












Click it and Unblock the Notifications