രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫല പ്രഖ്യാപനം ജൂലൈ 21ന്
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ജുലൈ 18ന് നടക്കും. 776 എംപിമാരും 4033 എംഎല്‍എമാരുമാണ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുക. ആവശ്യമായി വന്നാല്‍ വോട്ടെണ്ണല്‍ ജൂലൈ 21ന് നടത്തും. രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുക. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിശദീകരിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 29 ആണ്. സൂക്ഷ്മ പരിശോധന ജൂണ്‍ 30ന് നടക്കും. പത്രിക പിന്‍വലിക്കണമെങ്കില്‍ ജൂലൈ 2 വരെ സമയമുണ്ട്. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സ്ഥാനമേല്‍ക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2017ലാണ് ചുമതലയേറ്റത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് ഇദ്ദേഹം. പാര്‍ലമെന്റിലും നിയമസഭകളിലുമുള്ള സാമാജികരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളജിലെ അംഗങ്ങള്‍. ഇവരാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിന് വോട്ട് രേഖപ്പെടുത്തുക. ഓരോ സംസ്ഥാനങ്ങളിലും വോട്ട് മൂല്യം വ്യത്യസ്തമായിരിക്കും. ആ സംസ്ഥാനങ്ങളിലെ ജനസംഖ്യ, ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എന്നിവയെല്ലാം ആശ്രയിച്ചാകും മൂല്യം കണക്കാക്കുക. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വോട്ടുണ്ടാകില്ല. 2017ല്‍ ജൂലൈ 17നാണ് വോട്ടെടുപ്പ് നടന്നത്. ജൂലൈ 20ന് വോട്ടെണ്ണുകയും ചെയ്തു.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥിക്കാണ് വിജയിക്കാനാകുക. കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്. പ്രതിപക്ഷത്തേക്കാള്‍ ഒരു ലക്ഷം വോട്ടുകള്‍ ഇലക്ട്രല്‍ കോളജില്‍ അധികമുണ്ട് എന്‍ഡിഎയ്ക്ക്. എന്‍ഡിഎയിലും പ്രതിപക്ഷ കൂട്ടായ്മയിലും നില്‍ക്കാത്ത പാര്‍ട്ടികളുടെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിച്ചാലും എന്‍ഡിഎക്ക് ആശങ്കയ്ക്ക് വകയില്ല. അതേസമയം, പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍.
ബിജെപിക്ക് 5.42 ലക്ഷം വോട്ടുകളാണുള്ളത്. ബിജെപി വിരുദ്ധ സഖ്യത്തിന് 4.49 ലക്ഷം വോട്ടുകളും. ഒരു സഖ്യത്തിലുമില്ലാത്ത ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി എന്നിവര്‍ എന്‍ഡിഎയെ പിന്തുണച്ചേക്കും. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 75528 വോട്ടുകളാണുള്ളത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം വോട്ടിന് മുന്നിലുള്ള ബിജെപിക്ക് ഇവരുടെ വോട്ടുകള്‍ കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. അതേസമയം, മഹാരാഷ്ട്രയിലെ ചില എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. അതും പ്രതിപക്ഷത്തിന്റെ വോട്ട് കുറയ്ക്കും.
എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെത് സംസ്ഥാനത്തിന് അനുസരിച്ച് മൂല്യത്തില്‍ വ്യത്യാസതമുണ്ടാകും. 208 ആണ് യുപിയിലെ ഒരു എംഎല്‍എയുടെ വോട്ട് മൂല്യം. ഏഴ് വോട്ടിന്റെ മൂല്യം മാത്രമാണ് സിക്കിമിലെ എംഎല്‍എമാര്‍ക്കുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടത് 549452 വോട്ടുകളാണ്. പാര്‍ലമെന്റില്‍ നിലവില്‍ 13 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിലെ നിയമസഭയിലും ഒഴിവുകളുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഒഴിവുകള്‍ നികത്തിയാലും ഇല്ലെങ്കിലും കാര്യമായ മാറ്റം ഇലക്ട്രല്‍ കോളജിലുണ്ടാകില്ല.












Click it and Unblock the Notifications