പ്രധാനമന്ത്രിയുടെ വർഗീയ പരാമർശം; പ്രതികരിക്കാൻ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷം
ഡൽഹി: രാജസ്ഥാനിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഗീയ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മോദിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി കമ്മീഷൻ ഒഴിഞ്ഞുമാറിയത്.
വിവാദ പരാമർശത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് കമ്മീഷൻ വക്താവ് വ്യക്തമാക്കുകയായിരുന്നു. അതേസമയം മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം. പ്രസംഗത്തിനെതിരെ സിപിഎം ദില്ലി പോലീസിലും പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് പരാതി സി പി എം കമ്മീഷ്ണർക്ക് അയച്ചുകൊടുത്തു.

പരാർമർശത്തിൽ മോദിക്കെതിരെ നടപടിയെടുത്തേ മതിയാകൂവെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മതസമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും പ്രതിപക്ഷ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്ക് പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി. മതേതരതത്വം ലംഘിച്ചുകൊണ്ട് ഭരണഘടനയുടെ അന്തസ്സിനെ പ്രധാനമന്ത്രി നിരന്തരം കടന്നാക്രമിക്കാറുണ്ട്. ലളിതമായ ഒരു നടപടിയല്ല ഇക്കാര്യത്തിൽ മോദിക്കെതിരെ ആവശ്യമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് അധികാരം ലഭിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് അവർ മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് മോദിയുടെ പരാമർശം. രാജസ്ഥാനിലെ ബൻസ്വാരയിൽ ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവെയായിരുന്നു മോദി ഇത്തരത്തിൽ പ്രസംഗിച്ചത്. 'തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തെ സ്വത്തിൻ്റെ ആദ്യ ഉടമസ്ഥാവകാശം മുസ്ലീങ്ങൾക്കാണെന്നാണ് അവർ പറഞ്ഞത്. എല്ലാവരുടെയും സ്വത്ത് ശേഖരിച്ച ശേഷം, കൂടുതൽ കുട്ടികളുള്ള ആളുകൾക്ക് അവർ അത് വിതരണം ചെയ്യും എന്നാണ് ഇതിനർത്ഥം. അവർ അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ? ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?', എന്നായിരുന്നു മോദി ചോദിച്ചത്.
അതേസമയം സമാന പ്രസംഗം മോദി യുപിയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടേയും ആവർത്തിച്ചു. എന്നാൽ യുപിയിൽ മുസ്ലീങ്ങൾ എന്ന് പരാമർശിച്ചിട്ടില്ല, മറിച്ച് സ്വത്തുക്കൾ കോൺഗ്രസ് വിതരണം ചെയ്യുമെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞത്. അതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.ഭാഷയുടെ പേരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളേയും പരാമർശിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കാൻ രാഹുൽ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വടക്കും തെക്കും തമ്മിൽ ഭിന്നിപ്പുണ്ടാക്കി രാജ്യത്തെ പോരടിപ്പിക്കാനുള്ള ഗൂഢാലോചനയാണ് രാഹുൽ നടത്തുന്നതെന്നും പരാതിയിൽ ബിജെപി പറഞ്ഞു.












Click it and Unblock the Notifications