'സംഘപരിവാറിന്റെ ആശയങ്ങളല്ല ഭരണഘടന'; ബിജെപിയെയും ആർഎസ്എസിനെയും കടന്നാക്രമിച്ച് പ്രിയങ്കയുടെ കന്നി പ്രസംഗം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവർ ആഗ്രഹിച്ചത് പോലെ വന്നിരുന്നെങ്കിൽ സർക്കാർ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമം ആരംഭിച്ചേനെയെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പാർലമെന്റിലെ തന്റെ കന്നി പ്രസംഗത്തിൽ ബിജെപിയേയും ആർഎസ്എസിനേയും ഒരുപോലെ കടന്നാക്രമിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ മൂല്യങ്ങൾ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
ഭരണഘടന നീതിയുടെ സംരക്ഷണ കവചമാണെന്ന് ലോക്‌സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പ്രിയങ്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ നിരവധി തവണ സർക്കാർ അത് തകർക്കാൻ ശ്രമം നടത്തിയെന്നും പ്രിയങ്ക ആരോപിച്ചു. സംഘപരിവാറിന്റെ നിയമ പുസ്‌തകമല്ല ഭരണഘടനയെന്നും അവരുടെ ആശയങ്ങളല്ല അതിൽ ഉള്ളതെന്നും പ്രിയങ്ക എടുത്തുപറഞ്ഞു.

ഭരണഘടന മാറ്റിയെഴുതാനുള്ള ബിജെപി ശ്രമം മുതൽ 2017ലെ ഉന്നാവോ ബലാത്സംഗം, കഴിഞ്ഞ മാസം സാംഭലിൽ നടന്ന അക്രമ സംഭവം എന്നിങ്ങനെ നിരവധി സുപ്രധാന വിഷയങ്ങൾ പ്രിയങ്ക പ്രസംഗത്തിനിടെ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ നിശബ്‌ദരാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയെ പ്രിയങ്ക ശക്തമായി വിമർശിച്ചു.
സാംഭലിൽ നിന്ന് കുറച്ചുദിവസങ്ങൾക്ക് മുൻപ് തന്നെ കാണാൻ ചിലർ വന്നിരുന്നെന്നും അവരിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അവരുടെ പിതാവിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ആ കുട്ടികളെ നല്ല നിലയിൽ എത്തിക്കണം എന്നായിരുന്നു തയ്യൽക്കാരൻ ആയിരുന്ന പിതാവിന്റെ ആഗ്രഹം. ആ കുട്ടികൾ അത് സാധ്യമാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
ജാതി സെൻസസ് എന്ന പ്രതിപക്ഷ ആവശ്യം പ്രിയങ്കയും ഏറ്റുപിടിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടുകളെ പ്രിയങ്ക നിശിതമായി വിമർശിക്കുകയും ചെയ്‌തു. എല്ലാവരുടെയും സാമൂഹിക അവസ്ഥ മനസിലാക്കാൻ ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്നും പ്രിയങ്ക തന്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളും പ്രിയങ്ക സഭയിൽ ഉന്നയിച്ചു. ഒരു വ്യക്തിക്ക് വേണ്ടി മാത്രം കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. തൊഴിലില്ലായ്‌മ രൂക്ഷമായ വേളയിലും സർക്കാർ അദാനിയെ പിന്തുണയ്ക്കുന്ന തിരക്കിലാണ്. ഒരു ജനതയെ മുഴുവൻ മോദി സർക്കാർ വഞ്ചിക്കുകയാണ്. സർക്കാർ ഒരു വാഷിംഗ് മെഷീൻ സർക്കാർ ആയി മാറിയെന്നും വയനാട് എംപി പരിഹസിച്ചു.
കൂടാതെ ഉന്നാവോ ബലാത്സംഗ കേസിൽ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതും പ്രിയങ്ക ശക്തമായി ഉന്നയിച്ചു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പുസ്‌തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും മായ്‌ക്കാൻ ബിജെപി സർക്കാർ എത്ര തന്നെ ശ്രമിച്ചാലും സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്ര നിർമ്മാണത്തിലും അദ്ദേഹത്തിന്റെ ഒരിക്കലും പങ്ക് എഴുതിത്തള്ളാനാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications