'ചൗക്കിദാർ ചോർ ഹേ' മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികൾ; ചിരിതൂകി പ്രിയങ്ക, ഉപദേശവും, വീഡിയോ
അമേഠി: എഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പാതി ഘട്ടങ്ങൾ പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലും എല്ലാം ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്നതെയുള്ളു. രാജ്യ സുരക്ഷ മുഖ്യ വിഷയമാക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. കോൺഗ്രസ് ആകട്ടെ റാഫേൽ അഴിമതിയും പാലിക്കപ്പെടാത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമെല്ലാമാണ് ഉയർത്തിക്കാട്ടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന് കേട്ടതും ഏററവും വിവാദമായതുമാണ് റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന '' ചൗക്കിദാർ ചോർ ഹേ' പരാമർശം. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലം രാഹുൽ ഗാന്ധി ''ചൗക്കിദാർ ചോർ ഹേ '' മുദ്രാവാക്യം ഉയർത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ രാഹുൽ ഗാന്ധിക്ക് പകരം ഒരു കൂട്ടം കുട്ടികളാണ് ചൗക്കിദാർ ചോർ ഹേ മുദ്രാവാക്യം മുഴക്കുന്നത്. ഇതിനോടുള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം വിവാദത്തിലായിട്ടുണ്ട്.

ചൗക്കിദാർ ചോർ ഹേ
റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യമാണ് കാവൽക്കാരൻ കള്ളനാണ് എന്ന് അർത്ഥം വരുന്ന ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം. പങ്കെടുത്ത മിക്ക തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ പ്രയോഗം ഉയർത്തിക്കാട്ടിയിട്ടുണ്ട്. മറ്റ് പ്രമുഖ നേതാക്കളും പ്രവർത്തകരും ഈ പരാമർശം ആവർത്തിക്കുകയും ചെയ്തിരുന്നു.

വിവാദം
കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ബിജെപി ഉയർത്തുന്നത്. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞു എന്ന പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. തുടർന്ന് പരാമർശവുമായി കോടതിയെ ബന്ധപ്പെടുത്തിയതിൽ രാഹുൽ ഗാന്ധി ഖേദ പ്രകടനം നടത്തിയിരുന്നു.

മറുപടിയുമായി ബിജെപി
രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ പരാമർശം കോൺഗ്രസും ആയുധമാക്കിയിരുന്നു. ചൗക്കിദാർ പ്രചാരണത്തിന് മറുപടിയായി ഞാനും കാവൽക്കാരൻ എന്നർത്ഥം വരുന്ന മേം ഭി ചൗക്കിദാർ ക്യാംപെയിന് ബിജെപി തുടക്കം കുറിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ട്വിറ്റർ അക്കൗണ്ടിലെ പേരിന് മുമ്പിൽ ചൗക്കിദാർ എന്ന് ചേർത്തിരുന്നു.

മുദ്രാവാക്യം മുഴക്കി കുട്ടികളും
സാധാരണ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ ഉയർന്നു കേൾക്കാറുള്ള ചാക്കിദാർ പ്രയോഗം ഇത്തവണ ഒരുകൂട്ടം കുട്ടികളാണ് മുഴക്കിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ അമേഠിയിലെ പ്രചാരണത്തിനിടെ ആയിരുന്നു സംഭവം. പ്രിയങ്കയെ കാണാൻ മണിക്കൂറുകളോളം കാത്തു നിൽക്കുകയായിരുന്നു കുട്ടികൾ. പ്രിയങ്ക എത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ പ്രയോഗം കുട്ടികൾ ഏറ്റു വിളിച്ചു.

ചിരിതൂകി പ്രിയങ്ക
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളെ നോക്കി ചിരിതൂകി എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി നിൽക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രിയങ്കയുടെ പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

പ്രിയങ്കയുടെ ഉപദേശം
ചൗക്കിദാർ ചോർ ഹേ എന്നത് കൂടാതെ പ്രധാനമന്ത്രിക്കെതിരെ മറ്റ് ചില മുദ്രാവാക്യങ്ങളും കുട്ടികൾ മുഴക്കിയിരുന്നു. എന്നാൽ ഇത്തരം മുദ്രാവാക്യങ്ങൾ നമുക്ക് വേണ്ടെന്നും നല്ല മുദ്രാവാക്യങ്ങൾ മതിയെന്നും പ്രിയങ്കാ ഗാന്ധി കുട്ടികൾക്ക് ഉപദേശം നൽകുന്നുണ്ട്. എങ്കിലും കുട്ടികൾ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ അത് ആസ്വദിക്കുന്ന പ്രിയങ്കയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

മിണ്ടാതെ പ്രിയങ്ക
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും പ്രിയങ്കാ ഗാന്ധി ഇതിനോടകം എത്തിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ചാക്കിദാർ ചോർ ഹേ പ്രയോഗം പ്രിയങ്കാ ഗാന്ധി ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കും, നോട്ട് നിരോധനമടക്കമുള്ള പരിഷ്കാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ചാണ് പ്രിയങ്കയുടെ പ്രസംഗങ്ങൾ.
|
വീഡിയോ
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications