കരുണാനിധി തീവ്രപരിചരണ വിഭാഗത്തിൽ തുടരും; കലൈജ്ഞറെ കാണാൻ രജനിയും രാഹുലും എത്തി
ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നതായും ചൊവ്വാഴ്ച ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അദ്ദേഹം കുറച്ചുനാളുകൾ കൂടി ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
|
ആശുപത്രിയിൽ തുടരും
കരളിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. മുൻപ് ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ആശുപത്രിക്ക് സമാനമായ സംവിധാനങ്ങൾ ഒരുക്കിയാണ് ചികിത്സിച്ചിരുന്നത്.

രജനിയെത്തി
തമിഴ് സൂപ്പർതാരം രജനികാന്ത് ഇന്നലെ കരുണാനിധിയെ കാണാനായി ആശുപത്രിയിലെത്തി. കരുണാനിധിയുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. അദ്ദേഹം ഉറങ്ങുകയാണ്. കലൈജ്ഞർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
|
രാഹുലും
കാവേരി ആശുപത്രിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എം കെ സ്റ്റാലിൻ, മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ, മുതിർന്ന ഡിഎംകെ നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദീർഘകാലത്തെ ബന്ധമാണ് കരുണാനിധിയുമായി ഉളളത്, ധൈര്യമുള്ള നേതാവാണ് അദ്ദേഹം, ആരോഗ്യനില മെച്ചപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. സോണിയ ഗാന്ധിയുടെ അന്വേഷണം കരുണാനിധിയുടെ കുടുംബത്തെ അറിയിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കലൈജ്ഞറുടെ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അണികൾ ആശങ്കയിലാണ്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും ചെന്നൈയിലേക്ക് ആളുകൾ എത്തുന്നു. ആശുപത്രി പരിസരത്തെ പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും തുടരുകയാണ്.

അറസ്റ്റ്
കരുണാനിധിയെ കാണാൻ പോകുകയാണെന്ന് കരുതി മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെ കാറിനെ പിന്തുടർന്ന നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന ഔദ്യോഗിക വസതിയിലേക്ക് കയറാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നാൽ ആശുപത്രിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെന്ന് കരുതിയാണ് പിന്തുടർന്നതെന്നും ഇവർ പറഞ്ഞു. അതേസമയം വികാരപ്രകടനങ്ങൾ അതിരുവിടരുതെന്നും ആശുപത്രിയിലെത്തുന്ന മറ്റ് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നേതാക്കൾ നിരന്തരം മൈക്കിലൂടെ അണികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.












Click it and Unblock the Notifications