നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍
ബെംഗളൂരു; ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ നിർബന്ധിത മതപരിവർത്തന നിയമം നടപ്പാക്കാൻ ഒരുങ്ങി കർണാടക. തിങ്കളാഴ്ച ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഉത്തർപ്രദേശ് മാതൃകയിൽ നിയമം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾ, പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ എന്നിവരെ മറ്റൊരു മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ് ശിക്ഷയാണ് കരട് ബില്ലിൽ നിർദ്ദേശിക്കുന്നത്.
ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, നിർബന്ധം, വശീകരണം അല്ലെങ്കിൽ വിവാഹം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുനനുവെന്ന് കണ്ടെത്തിയാൽ വിവാഹം അസാധുവാക്കും. നിർദിഷ്ട നിയമനിർമ്മാണം അനുസരിച്ച്, മതം മാറുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ മതം മാറുന്ന വ്യക്തിയുമായി ബന്ധമുള്ള മറ്റേതെങ്കിലും വ്യക്തിക്കോ മതപരിവർത്തനം സംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാം.
ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍
പൊതുവിഭാഗത്തിൽപ്പെട്ടവരുടെ കാര്യത്തിൽ നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും നിർദ്ദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെയും മതപരിവർത്തനം ചെയ്താൽ മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ബില്ലിൽ പറയുന്നത്. മതപരിവർത്തനത്തിന് ശ്രമിക്കുന്ന വ്യക്തികൾ മതപരിവർത്തനത്തിന് ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും (കോടതി ഉത്തരവനുസരിച്ച്) ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് ഇരട്ടി ശിക്ഷയും നൽകാനും ബിൽ വിഭാവനം ചെയ്യുന്നു. മതപരിവർത്തനം ലക്ഷ്യമാക്കി നടത്തുന്ന വിവാഹങ്ങൾ ഒരു കുടുംബ കോടതിക്കോ അധികാരപരിധിയിലുള്ള കോടതിക്കോ അസാധുവായി പ്രഖ്യാപിക്കാമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മറ്റൊരു മതത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും പരിവർത്തനത്തിന് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് നോട്ടീസ് നൽകണം, മതപരിവർത്തനം നടത്തുന്ന വ്യക്തി ഒരു മാസം മുമ്പ് അറിയിപ്പ് നൽകണം. അതേസമയം യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് പോലീസ് മുഖേന അന്വേഷണം നടത്തണം എന്ന് കരട് ബില്ലിൽ നിർദ്ദേശിക്കുന്നു.
മതം മാറുന്ന വ്യക്തികൾ 30 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. മജിസ്ട്രേറ്റിനെ അറിയിക്കാത്ത മതപരിവർത്തനം അസാധുവായി പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കും.പരിവർത്തനം സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ജില്ലാ മജിസ്‌ട്രേറ്റ് റവന്യൂ അധികാരികൾ, സാമൂഹ്യക്ഷേമം, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങൾ, മതപരിവർത്തനത്തിന്റെ മറ്റ് വകുപ്പുകൾ എന്നിവരെ അറിയിക്കണം, അവർ ആ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച് നടപടികൾ സ്വീകരിക്കും.മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.
അതേസമയം ക്രിസ്ത്യൻ വിഭാഗത്തിന്റേയും പ്രതിപക്ഷത്തിന്റേയും ശക്തമായ എതിർപ്പ് മറികടന്നാണ് ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സർക്കാരിന് സഭയിലും നിയമനിർമ്മാണ കൗൺസിലിലും വ്യക്തമായ ഭൂിപക്ഷം ഉള്ളതിനാൽ ബിൽ പാസാകുന്നതിൽ തടസമില്ല.