സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ നല്‍കുക; പറ്റില്ലെങ്കില്‍ രാജിവയ്ക്കുക: സീതാറാം യെച്ചൂരി
ദില്ലി: മോഡിക്കും കേന്ദ്രസര്‍ക്കാരിനും ഈ ദുരന്തം സൃഷ്ടിച്ചതിലെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍കരുതലുകള്‍ പാലിക്കാത്തതിന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണെന്ന് പറയുകയും പിന്നീട് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്ത കേന്ദ്രം ഇപ്പോള്‍ ജനിതകമാറ്റം വന്ന വൈറസായതിനാലാണ് ഇത്രയും വ്യാപനമെന്ന് പറയുകയാണ്.

ശാസ്ത്രത്തെ നിരാകരിച്ചും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചും സൂപ്പര്‍ സ്‌പ്രെഡിങ്ങ് ഇവന്റുകള്‍ സംഘടിപ്പിച്ചും മോദി ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് പടരാന്‍ അവസരമൊരുക്കുകയായിരുന്നു. യാതൊരു ആസൂത്രണവും നടത്താതെ സ്വയം അഭിനന്ദിച്ച് നടക്കുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി മോദി ചെയ്തതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
ഇനിയെങ്കിലും ഓക്‌സിജനും ആശുപത്രി കിടക്കകളും നല്‍കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷനും ജനങ്ങള്‍ക്ക് ജീവനോപാധികളും കേന്ദ്രസര്‍ക്കാര്‍ നല്‍കുക, പറ്റില്ലെങ്കില്‍ രാജിവെക്കുക- സീതാറാം യെച്ചൂരി വ്യക്തമാക്കി.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3645 കൊവിഡ് മരണങ്ങള്‍ കൂടി ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് ആകെ 1,83,76,524 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications