വിമർശനത്തിന് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തി പിടി ഉഷ, പ്രതിഷേധിച്ച് വിമുക്ത ഭടൻ
ദില്ലി: ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാന്‍ സമരപ്പന്തലില്‍ എത്തി ദേശീയ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പിടി ഉഷ. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ പിടി ഉഷ നേരത്തെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഗുസ്തി താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നു എന്നായിരുന്നു പിടി ഉഷയുടെ പരാമര്‍ശം.
ദേശീയ ഗുസ്തി താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം പിടി ഉഷയുടെ വാക്കുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അതിനിടെയാണ് സമരം ചെയ്യുന്നവരെ കാണാന്‍ പിടി ഉഷ എത്തിയത്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ദിവസങ്ങളായി സമരം ചെയ്യുന്നത്.

സമരപ്പന്തലില്‍ എത്തിയ പിടി ഉഷയ്ക്ക് എതിരെ പ്രതിഷേധവും ഉയര്‍ന്നു. സമരപ്പന്തലില്‍ നിന്നും മടങ്ങവേയാണ് സമരക്കാരില്‍ ഒരാളായ വിമുക്ത ഭടന്‍ വാഹനം തടഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയത്. ഗുസ്തി താരങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പിടി ഉഷ തയ്യാറായില്ല. അതേസമയം സമരക്കാര്‍ പിടി ഉഷ പിന്തുണ ഉറപ്പ് നല്‍കിയതായി ദേശീയ ഗുസ്തി താരം ബജ്രംഗ് പൂനിയ പ്രതികരിച്ചു.
തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്ന് മിസ്. ഉഷ പറഞ്ഞു. അവര്‍ ആദ്യം ഒരു കായികതാരമാണ്, പിന്നെയാണ് ഭരണാധികാരി. ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാമെന്നും ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കൂടെ നില്‍ക്കാമെന്നും അവര്‍ പറഞ്ഞു, ബജ്രംഗ് പൂനിയ വ്യക്തമാക്കി.
പരസ്യമായി പ്രതിഷേധത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഗുസ്തി താരങ്ങള്‍ അവര്‍ ഉയര്‍ത്തിയ പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെയെങ്കിലും കാക്കണമായിരുന്നുവെന്ന് പിടി ഉഷ കഴിഞ്ഞ മാസം വിമര്‍ശിച്ചിരുന്നു. പ്രതിഷേധം അച്ചടക്കമില്ലായ്മയാണ്. ഗുസ്തി താരങ്ങള്‍ തെരുവിലേക്ക് സമരത്തിന് ഇറങ്ങാന്‍ പാടില്ലായിരുന്നു. അവര്‍ ചെയ്തത് കായിക മേഖലയ്‌ക്കോ രാജ്യത്തിനോ നല്ലതല്ല. ഇത് നെഗറ്റീവായ സമീപനമാണ് എന്നും പിടി ഉഷ കുറ്റപ്പെടുത്തിയിരുന്നു.
ഗുസ്തി താരങ്ങള്‍ ശക്തമായാണ് പിടി ഉഷയുടെ വാക്കുകളോട് പ്രതികരിച്ചത്. പിടി ഉഷയുടെ പിന്തുണയാണ് പ്രതീക്ഷിച്ചത് എന്നും എന്നാല്‍ ഇത്തരത്തിലുളള അവരുടെ പ്രതികരണം വേദനിപ്പിച്ചുവെന്നും താരങ്ങള്‍ വ്യക്തമാക്കി. ഒരു സ്ത്രീ ആയിട്ട് പോലും അവര്‍ തങ്ങളെ പിന്തുണയ്ക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണെന്നാണ് ദേശീയ ഗുസ്തി താരം സാക്ഷി മാലിക് പ്രതികരിച്ചത്.
എന്ത് അച്ചടക്കമില്ലായ്മ ആണ് തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചിരിക്കുന്നത്. തങ്ങള്‍ സമാധാനപൂര്‍ണമായാണ് പ്രതിഷേധിക്കുന്നത്. തങ്ങള്‍ക്ക് നീതി കിട്ടിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ സമരം ചെയ്യേണ്ടി വരുമായിരുന്നില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. പിടി ഉഷ എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്താണോ അത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്ന് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് എതിരെ ദില്ലി പോലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായാട്ടില്ല.












Click it and Unblock the Notifications