വഴിതെറ്റിക്കാന്‍ 2 കാറുകള്‍, രക്ഷപ്പെടല്‍ മറ്റൊരു വാഹനത്തില്‍; 17കാരന്റെ പിതാവിനെ പൂട്ടിയത് ഇങ്ങനെ
പൂനെ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ കേസില്‍ പുതിയ വഴിത്തിരിവ്. കുട്ടിയുടെ പിതാവ് സംഭവം വിവാദമായതിന് പിന്നാലെ രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇയാളെ പോലീസ് പിടികൂടിയിരിക്കുകയാണ്. പതിനേഴുകാരന്‍ മദ്യപിച്ച് പോര്‍ഷെ കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് രണ്ട് എഞ്ചിനീയര്‍മാരാണ് കൊല്ലപ്പെട്ടത്.
പൂനെയില്‍ ഇത് വലിയ വിവാദമായിരുന്നു. പോലീസ് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് കുട്ടിയെ ജാമ്യത്തില്‍ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഓടിക്കാനായി ആഡംബര കാര്‍ നല്‍കിയതിനാണ് പിതാവിനെതിരെ കേസെടുത്തത്. പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് കുട്ടിയുടെ പിതാവ്.

കേസെടുത്തതിന് പിന്നാലെ ഇയാള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. പോലീസുകാരെ വഴിത്തെറ്റിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. ഒരു കാറില്‍ മുംബൈയിലേക്ക് തിരിച്ച ഇയാള്‍, മറ്റൊരു കാറില്‍ ഡ്രൈവറോട് ഗോവയിലേക്ക് പോകാനും ആവശ്യപ്പെട്ടു. പോലീസുകാരെ ആശയക്കുഴപ്പത്തിലാക്കാനായിരുന്നു നീക്കം.
മുംബൈിലേക്ക് പോകുന്നതിനിടെ കാറില്‍ നിന്നിറങ്ങി സുഹൃത്തിന്റെ കാറാണ് ഇയാള്‍ ഉപയോഗിച്ചത്. ഛത്രപതി സംബാജിനഗറിലേക്കായിരുന്നു യാത്ര. ഒന്നിലധികം കാര്‍ ഉപയോഗിച്ച് വഴിത്തെറ്റിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയതെന്ന് പൂനെ പോലീസ് പറഞ്ഞു. പുതിയ സിം കാര്‍ഡും ഇയാള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് പോലീസിന് ഇയാളെ ട്രാക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
സുഹൃത്തിന്റെ കാറിലാണ് വ്യവസായി സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയ പോലീസ് ജിപിഎസ് ഉപയോഗിച്ച് ഈ കാര്‍ ട്രാക്ക് ചെയ്യുകയായിരുന്നു. സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് പൂനെ ക്രൈം ബ്രാഞ്ചിലെ ടീം ഇയാളെ തിരിച്ചറിയുകയും ചെയ്തു. കാറിലുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്.
തുടര്‍ന്ന് അര്‍ധ രാത്രിയില്‍ സംബാജിനഗറിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച്ച രാത്രിയാണ് പോര്‍ഷെ അപകടം പൂനെയിലുണ്ടായത്. ദേശീയ തലത്തില്‍ തന്നെ വലിയ പ്രക്ഷോഭങ്ങള്‍ കാരണമായിരുന്നു. 15 മണിക്കൂറിനുള്ളില്‍ പ്രതിയായ കുട്ടിക്ക് ജാമ്യം അനുവദിച്ചതായിരുന്നു ജനരോഷം ഉയരാന്‍ കാരണം.
കുട്ടിക്ക് ജാമ്യം അനുവദിക്കാനായി കോടതി ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. അപകടങ്ങളെ കുറിച്ച് 300 വാക്കില്‍ ഉപന്ന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപാന ആസക്തിയുള്ളതിനാല്‍ കൗണ്‍സിലിംഗ് ചെയ്യുക എന്നിവയായിരുന്നു കോടതി നിര്‍ദേശിച്ച നിബന്ധനങ്ങള്‍. ഇതേ തുടര്‍ന്ന് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ചിരുന്നു.
17 വയസ്സും എട്ട് മാസവും പ്രായമുള്ള കൗമാരക്കാരനെ പ്രായപൂര്‍ത്തിയായ വ്യക്തിയായി പരിഗണിക്കാനായിരുന്നു പോലീസ് അഭ്യര്‍ത്ഥിച്ചത്. ഇതില്‍ തീരുമാനം ഇന്നുണ്ടാവും. അനീഷ് അവാധിയ, അശ്വിനി കോഷ്ത എന്നിവരാണ് മരിച്ചത്. ഇവര്‍ ബൈക്കില്‍ ഒരു ഗെറ്റ് ടുഗെതര്‍ കഴിഞ്ഞ മടങ്ങുന്നതിനിടെ പോര്‍ഷെ വന്നിടിക്കുകയായിരുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications