മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണം: അരവിന്ദ് കെജ്രിവാള്‍
അമൃത്സര്‍: മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലന്ധറില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ ഒരാള്‍ പോലും അനാവശ്യമായി ഉപദ്രവിക്കപ്പെടരുതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മതം എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരിവര്‍ത്തനത്തിനെതിരെ ഒരു നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരും തന്നെ അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ ആക്രമിപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഒരാളെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നത് തെറ്റ് തന്നെയാണെ്ന്നും കെജ്രിവാള്‍ പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമാനമായ നിയമവും ആവിഷ്‌കരിച്ചിട്ടുണ്ട്.

പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ ആം ആദ്മി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പഞ്ചാബ് അധ്യക്ഷനും എം പിയുമായ ഭഗവന്ത് മന്നിനെ മുന്‍നിര്‍ത്തിയാണ് ആം ആദ്മി പഞ്ചാബില്‍ മത്സരത്തിനൊരുങ്ങുന്നത്. മറ്റ് കക്ഷികളുമായി സഖ്യമില്ലാതെ ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക നേതാക്കളുടെ പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള ധാരണയും പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ അറിയിച്ചിരുന്നു.

അതേസമയം പഞ്ചാബില്‍ അധികാരം ലഭിച്ചാല്‍ ഡോര്‍സ്റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് എന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഡോക്ടര്‍, ഒരു മിഡ് വൈഫ് നേഴ്സ് എന്നിവരാണ് ക്ലിനിക്കില്‍ ഉണ്ടാവുക. സൗജന്യ മെഡിക്കല്‍ സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെജ്രിവാള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പഞ്ചാബില്‍ ഇത്തരത്തില്‍ 16,000 മൊഹല്ല ക്ലിനിക്കുകള്‍ തങ്ങള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആശുപത്രികളെല്ലാം തന്നെ നവീകരിക്കും.

ദല്‍ഹിയെ പോലെ തന്നെ പഞ്ചാബും ഇതിന്റെ ഗുണഭോക്താക്കളാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ആം ആംദ്മി അധികാരത്തിലെത്തുകയാണെങ്കില്‍ പുതിയ നികുതി സമ്പ്രദായം ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 117 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഭരണം പിടിക്കാനുറച്ചാണ് എ എ പി മത്സരത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബില്‍ ഇക്കുറി ജനവിധിയെഴുതുക. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പാണ് ഫെബ്രുവരി 20 ലേക്ക് മാറ്റിയത്. മാര്‍ച്ച് 10 നാണ് ഫലമറിയുക.

2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പി മൂന്ന് സീറ്റും നേടി. പുറത്തുവന്ന സര്‍വേകളെല്ലാം ആം ആദ്മി പാര്‍ട്ടിയ്ക്കാണ് മുന്‍തൂക്കം പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ച് പ്രചരണത്തിന്റെ ഡ്രൈവിംഗ് സീറ്റിലാണ് ആം ആദ്മി. ഉള്‍പാര്‍ട്ടി പോരാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. ബി എസ് പിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിയാകട്ടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഒപ്പം നിര്‍ത്തിയാണ് മത്സരത്തിനെത്തുന്നത്.












Click it and Unblock the Notifications