ചന്നി മുഖ്യമന്ത്രിയാകും, സിദ്ദു സൂപ്പര്‍ മുഖ്യമന്ത്രിയും; പഞ്ചാബില്‍ ജയിച്ചാലും കോണ്‍ഗ്രസിന് തലവേദന
അമൃത്സര്‍: പഞ്ചാബില്‍ അധികാരം പിടിച്ചാല്‍ കോണ്‍ഗ്രസിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയായിരിക്കും നവ്‌ജ്യോത് സിംഗ് സിദ്ദുവെന്ന് പാര്‍ട്ടി എം പി രവ്‌നീത് സിംഗ് ബിട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത് ചന്നിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിട്ടുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നവജ്യോത് സിംഗ് സിദ്ദുവിന് ഏത് പദവി നല്‍കും എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹത്തിന് (നവ്ജ്യോത് സിംഗ് സിദ്ദു) സൂപ്പര്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കും, ബിട്ടു പറഞ്ഞു.
ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം സര്‍വാത്മനാ സിദ്ദു അംഗീകരിക്കുകയായിരുന്നുവെന്നും തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ബിട്ടു പറഞ്ഞു. പഞ്ചാബിലെ സാധാരണക്കാര്‍ മുഖ്യമന്ത്രി ചന്നിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ദിവസം ഒരു ഉത്സവം പോലെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ വരുമെന്നും ബിട്ടു പറഞ്ഞു. പഞ്ചാബിലെ ഓരോ പാവപ്പെട്ടവനും ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ചരണ്‍ജിത് സിംഗ് ചന്നിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ പോലെയുള്ള സാധാരണക്കാരനാണ് അദ്ദേഹം.

ചന്നി വീണ്ടും അധികാരത്തില്‍ വന്നാല്‍ മാത്രമേ തങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയൂ എന്നാണ് സാധാരണക്കാര്‍ പറയുന്നത്. ജനം അവരുടെ ഉത്സവം പോലെ തിരഞ്ഞെടുപ്പ് ദിവസം ചന്നിക്ക് (ചരണ്‍ജിത് സിംഗ്) വോട്ട് ചെയ്യും. ഇതാണ് ബി ജെ പിയും എ എ പിയും ഭയപ്പെടുന്നതെന്നും ബിട്ടു കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭഗവന്ത് മാനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെയും ബിട്ടു രംഗത്തെത്തി. ആം ആദ്മി ആര്‍ എസ് എസിന്റെ 'ബി ടീം' ആണെന്നും പഞ്ചാബിനെ 'വിഭജിക്കാന്‍' കെജ്രിവാള്‍ ആഗ്രഹിക്കുന്നുവെന്നും ബിട്ടു ആരോപിച്ചു.

'ബി ജെ പി പഞ്ചാബില്‍ ഒരിടത്തുമില്ല. പഞ്ചാബിനും ഹരിയാനയ്ക്കും അതിര്‍ത്തി തര്‍ക്കമുണ്ട്, ഞങ്ങള്‍ക്ക് ഭാഷാ പ്രശ്നങ്ങളുണ്ട്, ജല പ്രശ്നങ്ങളുണ്ട്. അത് മുതലെടുത്ത് പഞ്ചാബിനെ വിഭജിക്കാനാണ് കെജ്രിവാള്‍ ആഗ്രഹിക്കുന്നതെന്നും ബിട്ടു പറഞ്ഞു. അനധികൃത മണല്‍ ഖനനക്കേസുമായി ബന്ധപ്പെട്ട് ചന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ അറസ്റ്റ് ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ബിട്ടു കുറ്റപ്പെടുത്തി. ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് വന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രിയായ ദളിതനോട് (ചന്നി) പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രോഷം പുറത്തെടുക്കുകയാണെന്ന് ബിട്ടു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി പഞ്ചാബ് സന്ദര്‍ശിക്കുമ്പോള്‍ ഹെലികോപ്ടര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഷം കാരണം ജനങ്ങള്‍ അദ്ദേഹത്തിനെതിരെ റോഡിലിറങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തര തര്‍ക്കങ്ങളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. സിദ്ദു-ചന്നി പോര് ഒരു വിധത്തില്‍ മയപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. ചന്നി മുഖ്യമന്ത്രിയായാലും സിദ്ദു സര്‍ക്കാരിന്റെ ഭാഗമാകുമെന്നുറപ്പാണ്. അമരീന്ദര്‍ സിംഗിനെ പുകച്ച് പുറത്തുചാടിച്ച സിദ്ദുവിനെതിരെ ശ്രദ്ധയോടെയാകും ചന്നിയും കരുനീക്കം നടത്തുക.
Recommended Video

ആം ആദ്മി, ശിരോമണി അകാലിദള്‍-ബി എസ് പി സഖ്യം, ബി ജെ പി- അമരീന്ദര്‍ സഖ്യം എന്നിവരാണ് സംസ്ഥാനത്തെ ഈ തെരഞ്ഞെടുപ്പിലെ മറ്റ് കക്ഷികള്‍. ബി ജെ പിയ്ക്ക് പഞ്ചാബില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും അമരീന്ദര്‍ സിംഗിനൊപ്പമുള്ള സഖ്യം ഊര്‍ജം നല്‍കിയിട്ടുണ്ട്. ആം ആദ്മിയ്ക്ക് അനുകൂലമാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ എന്നതാണ് കെജ്രിവാളിന് ആശ്വാസം നല്‍കുന്നത്. അതേസമയം നിലനില്‍പിന് ജയം മാത്രമെ പരിഹാരമുള്ളൂ എന്ന സാഹചര്യത്തിലാണ് ശിരോമണി അകാലിദള്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications