പഞ്ചാബില്‍ 26 സീറ്റില്‍ ചാഞ്ചാട്ടം; കുറഞ്ഞ ഭൂരിപക്ഷമുള്ള സീറ്റുകളിലേക്ക് കണ്ണുനട്ട് പാര്‍ട്ടികള്‍
അമൃത്സര്‍: അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിര്‍ണായകമാവുക 26 മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് ഈ 26 മണ്ഡലങ്ങളില്‍ 5000 ത്തിന് താഴെയാണ് ജയിച്ച കക്ഷികളുടെ ഭൂരിപക്ഷം. സംസ്ഥാനത്തെ വോട്ടിംഗ് നിലയില്‍ മാറി മറിയാന്‍ സാധ്യതയുള്ള ഈ മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Recommended Video
സംസ്ഥാനത്ത് ഭൂരിപക്ഷം കുറവുള്ള സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ളത് കോണ്‍ഗ്രസിനാണ്. ആകെയുള്ള 26 സീറ്റില്‍ 11 ഇടത്തും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 5000 ത്തില്‍ താഴെയാണ്. ശിരോമണി അകാലിദളിന് ഏഴിടത്തും ആം ആദ്മി പാര്‍ട്ടിയ്ക്ക് ആറിടത്തും ബി ജെ പിയ്ക്ക് രണ്ടിടത്തും 5000 ത്തില്‍ താഴെയാണ് ഭൂരിപക്ഷം. കോണ്‍ഗ്രസ് ജയിച്ച 11 സീറ്റില്‍ രണ്ടിടത്തും 1000 ത്തില്‍ താഴെയാണ് ഭൂരിപക്ഷം. ശിരോമണി അകാലിദള്‍ ജയിച്ച ഒരു സീറ്റിലും ആയിരത്തില്‍ കുറവ് ഭൂരിപക്ഷമേയുള്ളൂ.

കോണ്‍ഗ്രസ് ജയിച്ച ഫാസില്‍ക്ക, ബുച്ചോ മണ്ഡി എന്നിവിടങ്ങിലാണ് ആയിരത്തില്‍ കുറവ് ഭൂരിപക്ഷമുള്ളത്. ബടാല മണ്ഡലത്തിലാണ് ശിരോമണി അകാലിദളിന് ആയിരത്തില്‍ കുറവ് ഭൂരിപക്ഷമുള്ളത്. 1000 ത്തിനും 2000 ത്തിനും ഇടയില്‍ ഭൂരിപക്ഷമുള്ള ഒമ്പത് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ദേരാ ബാബാ നാനക്, ബുധല്‍ദ, ലുധിയാന ഈസ്റ്റ്, ദിര്‍ബ, ഗര്‍ഹ്ശങ്കര്‍, മോഗ, ബംഗ, ദേരാ ബസ്സി, ഫത്തേഗാര്‍ഹ് ചുരിയാന്‍ എന്നിവിടങ്ങളിലാണ് 2000 ത്തിന് താഴെ ഭൂരിപക്ഷമുള്ളത്.

നാല് സീറ്റില്‍ 2000 ത്തിനും 3000 ത്തിനും താഴെയാണ് ഭൂരിപക്ഷം. ഫഗ്വാര, ഖരാര്‍, ബര്‍നല, ധുരി എന്നിവിടങ്ങളിലാണിത്. അബോഹര്‍, നവാന്‍ഷഹര്‍, ഫില്ലൗര്‍, ഷാം ചൗരസി, അംലോഹ് എന്നിവിടങ്ങളില്‍ 3000 ത്തിനും 4000 ത്തിനുമിടയിലാണ് ഭൂരിപക്ഷം. 4000 ത്തിനും 5000 ത്തിനും ഇടയില്‍ ഭൂരിപക്ഷമുള്ള അഞ്ച് മണ്ഡലങ്ങളുമുണ്ട്. ദഖ, സഹ്നേവാള്‍, സനൗര്‍, ഷാക്കോട്ട, മലൗട്ട് എന്നീ മണ്ഡലങ്ങളില്‍ 4000 ത്തിനും 5000 ത്തിനുമിടയിലാണ് ഭൂരിപക്ഷം.

കോണ്‍ഗ്രസ്, ആം ആദ്മി, ശിരോമണി അകാലിദള്‍, ബി ജെ പി എന്നിവയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കക്ഷികള്‍. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 2017 ല്‍ 77 സീറ്റുമായി അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഉള്‍പാര്‍ട്ടി തര്‍ക്കമാണ് തലവേദന സൃഷ്ടിക്കുന്നത്. 2017 ല്‍ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത് ചന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദവും തമ്മില്‍ വടംവലി രൂക്ഷമാണ്. വോട്ടിംഗ് നിലയില്‍ ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.

പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി മറുവശത്ത് വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ ഇഷ്ടപ്രകാരം ഭാഗവന്ത് മന്നിനെ പ്രഖ്യാപിച്ച ആം ആദ്മി പ്രചരണത്തില്‍ സജീവമാണ്. സര്‍വേ ഫലങ്ങളെല്ലാം അനുകൂലമാണെങ്കിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ആം ആദ്മിയെ പിന്നോട്ട് വലിക്കുന്ന ഘടകം. മാത്രമല്ല സംസ്ഥാനത്ത് ഏറെ ചര്‍ച്ചയാകുന്ന കാര്‍ഷിക നിയമവും സമരവും ആം ആദ്മിയ്ക്ക് വേണ്ട വിധത്തില്‍ പ്രചരണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ല.

ശിരോമണി അകാലിദളാണ് കാര്‍ഷിക നിയമത്തില്‍ ഏറ്റവും സജീവമായ പ്രചരണം നടത്തുന്നത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബി ജെ പി സഖ്യം ഉപേക്ഷിച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചെന്നും പറഞ്ഞുള്ള പ്രചരണത്തിലാണ് ശിരോമണി അകാലിദള്‍ ഊന്നല്‍ നല്‍കുന്നത്. ബി ജെ പി സഖ്യം ഉപേക്ഷിച്ചത് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനമാണ് ശിരോമണി അകാലിദള്‍ നടത്തുന്നത്. ഇതിന്റെ ഫലമായാണ് ബി എസ് പിയേയും ഇടത് പാര്‍ട്ടികളേയും സഖ്യത്തിലെത്തിക്കാന്‍ ശിരോമണി അകാലിദളിന് കഴിഞ്ഞത്.

പ്രതിരോധത്തിലൂന്നിയാണ് ബി ജെ പി പഞ്ചാബില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് മികച്ച സ്വാധീനമുള്ള ശിരോമണി അകാലിദള്‍ സഖ്യം വിട്ടതും കാര്‍ഷിക നിയമവും ബി ജെ പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുമായി 117 സീറ്റിലും സഖ്യമുണ്ടാക്കിയതാണ് ബി ജെ പി വലിയ നേട്ടമായി കാണുന്നത്. പല മേഖലകളലും അമരീന്ദറിനുള്ള സ്വാധീനും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. മാത്രമല്ല പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരിട്ട സുരക്ഷാ വീഴ്ചയും ബി ജെ പിയും പ്രചരണത്തില്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബിലുള്ളത്. ശക്തമായ ചതുഷ്‌കോണ മത്സരത്തിന് സാധ്യതയുള്ള പഞ്ചാബില്‍ ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 10 നാണ് ഫലമറിയുക.












Click it and Unblock the Notifications