അമൃത്സറിലെ തോൽവിയിൽ പതറി നവജ്യോത് സിംഗ് സിദ്ദു;കോൺഗ്രസിൽ കാത്തിരിക്കുന്നത് വലിയ പൊട്ടിത്തെറി?
ദില്ലി; സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് പഞ്ചാബിൽ കോൺഗ്രസ് നേരിട്ടിരിക്കുന്നത്. 2017 ൽ 77 സീറ്റുകൾ നേടി അധികാരത്തിലേറിയ പാർട്ടിക്ക് ഇക്കുറി വെറും 20 ന് താഴെ സീറ്റുകളിൽ തൃപ്തിപെടേണ്ടി വന്നിരിക്കുകയാണ്. കോൺഗ്രസ് കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനമാണ് ആം ആദ്മി സംസ്ഥാനത്ത് കാഴ്ച വെച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് 92 ഓളം സീറ്റുകളിലാണ് ആം ആദ്മി മുന്നേറ്റം.
അതേസമയം ആം ആദ്മിയുടെ തേരോട്ടത്തിനിടയിൽ പല കോൺഗ്രസ് പ്രുഖരും കടപുഴകി വീണു. ഇതിൽ പ്രധാനമാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ അമൃത്സറിലെ പരാജയം.

ബി ജെ പി ടിക്കറ്റിൽ മൂന്ന് തവണ അമൃത്സറിൽ നിന്നും സിദ്ദു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017 ൽ കോൺഗ്രസ് ടിക്കറ്റിൽ അമൃത്സർ ഈസ്റ്റിൽ നിന്നും ആദ്യ പോരാട്ടം. അന്ന് ബി ജെ പിയുടെ രാജേഷ് കുമാർ ഹണിയോട് 42809 സീറ്റുകൾക്കായിരുന്നു സിദ്ദുവിന്റെ വിജയം. കോൺഗ്രസിന് ശക്തമായ ആധിപത്യമുള്ള മണ്ഡലം കൂടിയാണ് അമൃത്സർ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗുർജീത്ത് സിംഗ് അജുല 99626 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ ജയിച്ചത്.

ഇത്തവണ മണ്ഡലത്തിൽ കടുത്ത പോരാട്ടത്തിനായിരുന്നു അരങ്ങൊരുങ്ങിയത്. സിദ്ദുവിനെതിരെ ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാവ് ബിക്രം സിങ് മജീതിയ ആണ് ഇവിടെ മത്സരിച്ചത്. വെല്ലുവിളിച്ചായിരുന്നു മജീതിയയെ കൊണ്ട് സിദ്ദു ഇവിടെ മത്സരിപ്പിച്ചത്. മജീത , അമൃത്സർ ഈറ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനായിരുന്നു മജീതിയയുടെ പദ്ധതി. എന്നാൽ ധൈര്യമുണ്ടെങ്കിൽ അമൃത്‍സർ ഈസ്റ്റിൽ മാത്രം മത്സരിക്കൂ എന്ന് സിദ്ദു വെല്ലുവിളിച്ചു. അത് ഏറ്റെടുത്ത മജീതിയ തന്റെ സ്ഥിരം മണ്ഡലമായ മജീതയിൽ ഭാര്യ ജെനീവ് കൗറിനെ സ്ഥാനാർഥിയാക്കി.ആം ആദ്മിക്ക് വേണ്ടി ജീവൻ ജ്യോത് കൗറും മത്സരത്തിനിറങ്ങി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആം ആദ്മി സ്ഥാനാർത്ഥി കൗർ 28289 വോട്ടുകൾക്ക് മണ്ഡലത്തിൽ വിജയിച്ചു. സിദ്ദുവിന് ലഭിച്ചത് 23488 വോട്ടുകളായിരുന്നു. മജീതിയക്ക് 18799 വോട്ടുകളും.
അതേസമയം അമൃത്സറിലെ പരാജയത്തോടെ സിദ്ദുവിനെതിരെ പാർട്ടിയിൽ വലിയ കലാപക്കൊടി ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തേ തന്നെ സിദ്ദുവിനെതിരെ മണ്ഡലത്തിൽ കടുത്ത പ്രതിഷേധം പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. മണ്ഡലത്തിലെ സിദ്ദുവിന്റെ അസാന്നിധ്യവും നേതാക്കളുമായി ബന്ധം പുലർത്താത്തുമെല്ലാം പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു.

മാത്രമല്ല അമരീന്ദറുമായുള്ള സിദ്ദുവിന്റെ തർക്കങ്ങളാണ് പഞ്ചാബിൽ പാർട്ടിക്കുള്ളിൽ കലഹം രൂക്ഷമാണെന്ന പ്രതീതി സൃഷ്ടിക്കാൻ കാരണമായതെന്ന വികാരവും നേതാക്കൾക്ക് ഇടയിൽ ഉണ്ട്. പലപ്പോഴും പരസ്യമായി സർക്കാരിനെതിരെ നീങ്ങുന്ന സിദ്ദുവുനെയായിരുന്നു പഞ്ചാബിൽ കണ്ടത്. സർക്കാർ വീഴ്ചകളേയും സിദ്ദു രൂക്ഷഭാഷയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

സിദ്ദുവിന്റെ നേതൃത്വത്തിൽ എം എൽ എമാർ നടത്തിയ നീക്കമായിരുന്നു അമരീന്ദറിന്റെ രാജിയിലും പാർട്ടി വിടുന്നതിലേക്കും നയിച്ചത്. അമരീന്ദർ- സിദ്ദു തർക്കത്തിൽ ഹൈക്കമാന്റ് ഉൾപ്പെടെ സിദ്ദുവിനൊപ്പം നിന്നെങ്കിലും പിന്നീട് പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച് കൊണ്ട് സിദ്ദു കലാപമുയർത്തിയിരുന്നു. തനിക്ക് താത്പര്യമില്ലാത്ത മന്ത്രിമാരേയും ഡിജിപിമാരേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയായിരുന്നു രാജിക്ക് കാരണം. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി തർക്കങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അന്ന് നേതൃത്വം സിദ്ദുവിനെ അനുനയിപ്പിച്ച് കൂടെ നിർത്തി .

പല ആനുകൂല്യങ്ങളും ചെയ്തു തന്നിട്ടും പാർട്ടിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സിദ്ദു സ്വീകരിച്ചതെന്ന ആക്ഷേപമാണ് നേതാക്കൾ ഉയർത്തുന്നത്. അതിനിടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ താൻ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ തയ്യാറാണെന്ന് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കനത്ത തോൽവിയിൽ കോൺഗ്രസിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications