'രാഹുൽ അപമര്യാദയായി പെരുമാറി, സ്ത്രീ എന്ന നിലയിൽ അസ്വസ്ഥത തോന്നി'; പരാതിയുമായി ബിജെപി വനിതാ എംപി
ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി നാഗാലാന്റിൽ നിന്നുള്ള ബിജെപി എംപി ഫാങ്നോൺ കൊന്യാക്. അംബേദ്കർ വിവാദത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തന്നോട് അപമര്യാദയായി പെരുമാറിയെന്നും രാഹുലിന്റെ സാമീപ്യം ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും അവർ പരാതിയിൽ ആരോപിച്ചു.
'കൈയ്യിൽ പ്ലക്ക് കാർഡും പിടിച്ച് മകർ ധ്വാറിന്റെ പടിയുടെ സമീപമാണ് ഞാൻ നിന്നത്. ഈ സമയം എംപിമാർക്ക് പോകാനായി സുരക്ഷാ ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു. അതിനിടയിൽ വളരെ പെട്ടെന്ന് രാഹുൽ ജിയും അദ്ദേഹത്തിന് ഒപ്പമുള്ള മറ്റ് പ്രവർത്തകരും ആ വഴിയിലൂടെ പോകുന്നതിന് പകരം എന്റെ സമീപത്തേക്ക് വന്നു. വളരെ ഉച്ചത്തിൽ എന്നോട് അപമര്യാദയായി പെരുമാറി, അദ്ദേഹത്തിന്റെ സാമീപ്യം എനിക്ക് അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കി.

ഏറെ വേദനയോടെയാണ് ഞാൻ മാറിനിന്നത്. ഒരു പാർലമെന്റ് അംഗവും ഇത്തരത്തിൽ പെരുമാറരുതെന്ന് തോന്നി. ഒരു സ്ത്രീയെന്ന നിലയിലും എസ്ടി സമുദായത്തിലെ അംഗമെന്ന നിലയിലും എന്റെ ആത്മാഭിമാനത്തിനും അന്തസിനുമാണ് രാഹുൽ ഗാന്ധി കാരണം മുറിവേറ്റത്. അതിനാൽ ബഹുമാനപ്പെട്ട ചെയർമാനോട് ഞാൻ സംരക്ഷണം തേടുകയാണ്', അവർ കത്തിൽ പറഞ്ഞു.
രാജ്യസഭയിലും അവർ ഇക്കാര്യം ആവർത്തിച്ചു. 'എനിക്ക് പ്രതിരോധിക്കാൻ അറിയാതിരുന്നിട്ടല്ല. വളരെ അനുചിതമായ പെരുമാറ്റം ആണ് ഉണ്ടായത്. അതിനാലാണ് ഞാൻ പ്രതികരിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തി വളരെ മോശനായിപ്പോയി. ഒരു വനിതാ അംഗത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത്', അവർ പറഞ്ഞു.
അതേസമയം എംപിയുടെ പരാതി പരിശോധിക്കുകയാണെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ പ്രതികരിച്ചു. 'കരഞ്ഞ് കൊണ്ടാണ് അവർ എന്റെ അടുത്തേക്ക് വന്നത്. എന്റെ കൈയ്യിൽ അവർ നൽകിയ പരാതിയുണ്ട്. അവർ യഥാർത്ഥത്തിൽ ഷോക്കിലായിരുന്നു. കാര്യങ്ങൾ വിശദമായി പരിശോധിക്കും', ധൻകർ പറഞ്ഞു. അതിനിടെ രാഹുൽ ഗാന്ധി രണ്ട് എംപിമാരെ തള്ളിയിട്ടുവെന്ന് ആരോപിച്ച് ബി ജെ പി പോലീസിൽ പരാതി നൽകി. ബി ജെ പി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഉപദ്രവിച്ചെന്നാണ് പരാതി. ഇരുവരേയും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ താൻ ആരേയും ഉപദ്രവിച്ചിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നുമാണ് രാഹുൽ പ്രതികരിച്ചത്.












Click it and Unblock the Notifications