'രാഹുൽ തന്നെ തീവ്രവാദി എന്ന് വിളിച്ചു';കോൺഗ്രസിനെതിരെ കെജരിവാൾ
ദില്ല; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ തീവ്രവാദിയെന്ന് വിളിച്ചെന്ന് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. ഇതിനുള്ള മറുപടി അദ്ദേഹം ഫെബ്രുവരി 20 ന് അറിയും, കെജരിവാൾ പറഞ്ഞു. മൊഹാലിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കെജരിവാൾ.
ഭരണകക്ഷിയായ കോൺഗ്രസ് വ്യവസായികളേയും സാധാരണക്കാരേയും പോലും ഭയപ്പെടുത്തുകയാണെന്നും കെഡരിവാൾ ആരോപിച്ചിരുന്നു. ആർക്കാണ് നിങ്ങൾ വോട്ട് ചെയ്യുകയെന്ന് മാധ്യമ പ്രവർത്തകർ അവരോട് ചോദിച്ചാൽ അതിന് സത്യം പറയാൻ പോലും അവർ ഭയമാണെന്ന് കെജരിവാൾ പറഞ്ഞു.

കെജ്രിവാളിനെ തീവ്രവാദിയുടെ വീട്ടില്‍ കാണാമെന്നും അദ്ദേഹത്തിന് തീവ്രവാദികളോട് മൃദുസമീപനമാണെന്നും നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബർണാലയിലെ പൊതു റാലിയിലായിരുന്നു കെജരിവാളിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം. എന്ത് സംഭവിച്ചാലും ഒരു കോൺഗ്രസ് നേതാവിനെ തീവ്രവാദിയുടെ വീട്ടിൽ ഒരിക്കലും കാണില്ല. എന്നാൽ ആം ആദ്മി നേതാവിനെ തീവ്രവാദിയുടെ വീട്ടിലും കാണാം, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
2017ലെ തെരഞ്ഞെടുപ്പില്‍ മോഗയിലെ ഒരു മുന്‍ ഖലിസ്ഥാനി തീവ്രവാദിയുടെ വീട്ടില്‍ അരവിന്ദ് കേജ് രിവാള്‍ തങ്ങിയതിനെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം.
പഞ്ചാബ് ഭരിക്കാന്‍ ഒരു ചാന്‍സ് ചോദിച്ചു നടക്കുന്നവര്‍ പഞ്ചാബിനെ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുമെന്നായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ പറഞ്ഞത്.
പഞ്ചാബ് അതിർത്തി പ്രദേശമാണ്. കോൺഗ്രസിന് മാത്രമേ പഞ്ചാബിനെ മനസ്സിലാക്കാൻ കഴിയൂ, സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ കഴിയൂ. സമാധാനം ഇല്ലാതായാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതിർത്തി സംസ്ഥാനമെന്ന നിലയിൽ ദേശസുരക്ഷ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ പ്രചരണ വിഷയം ആക്കി മാറ്റിയിരിക്കുകയാണ് പാർട്ടികൾ.
ഇത്തവണ ശക്തമായ മത്സരമാണ് ആം ആദ്മി പഞ്ചാബിൽ കാഴ്ച വെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ആപിനെതിരെ പ്രചരണം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. കെജരിവാളിനെതിരേയും ആപ് നേതാക്കളേയും കടന്നാക്രമിച്ച് കൊണ്ടാണ് നേതാക്കളുടെ പ്രസംഗങ്ങൾ. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും കെജരിവാളിനെതിരെ രംഗത്തെത്തിയിരുന്നു. ആം ആദ്മി ബി ജെ പിയുടെ ബി ടീം ആണെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. ദില്ലിയിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം കോൺഗ്രസും ആം ആദ്മിയും ഒരേ തൂവൽ പക്ഷികൾ ആണെന്നായിരുന്നു പഞ്ചാബിൽ പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. കോൺഗ്രസ് ഒറിജിനൽ ആണെങ്കിൽ അവരുടെ ഫോട്ടോകോപ്പിയാണ് ആം ആദ്മിയെന്നായിരുന്നു മോദിയുടെ വിമർശനം.












Click it and Unblock the Notifications