ഗവര്‍ണര്‍, നിങ്ങളുടെ വിലപ്പെട്ട ക്ഷണം സ്വീകരിച്ച് കശ്മീരിലേക്ക് വരുന്നു; രാഹുലിന്റെ മറുപടി!!
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അറിയാന്‍ ജമ്മു കശ്മീരിലേക്കുള്ള ക്ഷണത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നേരിട്ട് വരാനാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം. കശ്മീരിലേക്ക് വരാന്‍ തയ്യാറാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. എന്നാല്‍ വിമാനം അയയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായും വിഭജിച്ചിരുന്നു. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീരിലെങ്ങും കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തിരിച്ചയച്ച് കനത്ത സൈനിക വിന്യാസവും കശ്മീരില്‍ നടത്തിയിരുന്നു.
കോണ്‍ഗ്രസിനെ നയിക്കാനാരുമില്ല, കശ്മീരില്‍ നേതാക്കള്‍ക്ക് ഒരേ സ്വരമില്ല, പരിഹസിച്ച് ജാവദേക്കര്‍!!
കശ്മീരില്‍ ആഗസ്ത് അഞ്ച് മുതല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമേ ടെലിഫോണ്‍- ഇന്റര്‍നെറ്റ്- കേബിള്‍ ടിവി ബന്ധങ്ങളും സര്‍ക്കാര്‍ വിഛേദിച്ചിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഹബൂബ മുഫ്തി, സജ്ജാദ് ലോണ്‍, ഒമര്‍അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ചെറിയ തോതിലുള്ള അക്രമസംഭവങ്ങള്‍ കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലി പെരുന്നാള്‍ ദിനത്തിലും കശ്മീരിലെ പലഭാഗങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ടെലിഫോണ്‍- ഇന്റര്‍നെറ്റ് ബന്ധങ്ങളും പല ഭാഗങ്ങളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
|
കശ്മീരിലേക്ക് വരുന്നു...
പ്രിയപ്പെട്ട ഗവര്‍ണര്‍, നിങ്ങളുടെ വിലപ്പെട്ട ക്ഷണം സ്വീകരിച്ച് ഒരു സംഘം പ്രതിപക്ഷ നേതാക്കള്‍ കശ്മീരും ലഡാക്കും സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഹെ വിമാനം അയയ്ക്കേണ്ടതില്ല, എന്നാല്‍ ജനങ്ങളെയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയും താഴ് വരയില്‍ വിന്യസിച്ചിട്ടുള്ള സൈനികരെയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കശ്മീരിലേക്ക് ക്ഷണം
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ താഴ്വരയിലേക്ക് പറക്കാനാനാണ് ഗവര്‍ണര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിന് പിന്നാലെ അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ ഗവര്‍ണര്‍ കശ്മീരിലേക്ക് ക്ഷണിച്ചത്. "ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഞാന്‍ വിമാനം അയച്ചുനല്‍കാം. കശ്മീരിലെ സ്ഥിതികള്‍ കണ്ടശേഷം സംസാരിക്കൂ. നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണെന്നും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയായാണ് രാഹുലിന്റെ ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്. സ്ഥിതി വിലയിരുത്തുന്നതിനായി കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ ക്ഷണിക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ആവശ്യപ്പെട്ടിരുന്നു.

ആര്‍ക്കും സന്ദര്‍ശിക്കാം?
ഏത് പ്രതിപക്ഷ നേതാവിനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാമെന്ന് ബിജെപി നേതാവ് കവിന്ദ്ര ഗുപ്ത വ്യക്തമാക്കിയിരുന്നു. താഴ്വരയിലെ സ്ഥിതി ഓരോ ദിവസം മെച്ചപ്പെട്ടുവരികയാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി വിന്യസിച്ചിട്ടുണ്ടെന്നും കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി കവിന്ദ്ര അറിയിച്ചു. അതേസമയം ആഗസ്ത് 15ന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ആര് ഉത്തരവാദിയാകും??
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ഉത്തരവ് ഇറക്കാന്‍ വിസമ്മതിച്ച കോടതി അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികളെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കശ്മീരിലെ സ്ഥിതി സാധാരണ പോലെയാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം സാധാരണ നിലയിലെത്തട്ടെ എന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ബെഞ്ച് വിഷയം രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും വ്യക്തമാക്കി. കശ്മീരിലെ വാര്‍ത്താവിനിമയ ഉപാധികള്‍ വിഛേദിച്ച നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഉടനടി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.

എല്ലാം ദൈവാനുഗ്രഹമെന്ന്
ദൈവാനുഗ്രഹം കൊണ്ട് ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ തെറ്റായ രീതിയിലാണ് നയിക്കപ്പെടുന്നത്. ആര്‍ട്ടിക്കിള്‍ 370 കൊണ്ട് യാതൊരു ഫലവും ഉണ്ടായിട്ടില്ല, മറിച്ച് വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതം അനുഭവിക്കുകയല്ലാതെ.