നരേന്ദ്ര മോദിയുടേത് പ്രതികാരത്തിന്റെ രാഷ്ട്രീയം?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. നരേന്ദ്ര മോദി പ്രതികാരത്തിന്റെ രാഷ്ട്രീയം കളിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. തന്റെ ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ വരാനിരുന്ന അമേഠി മെഗാ ഫുഡ് പാര്‍ക്ക് പ്രോജക്ട് നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ലോക്‌സഭയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് നരേന്ദ്ര മോദി പറഞ്ഞത് രാഷ്ട്രീയമായ പ്രതികാരങ്ങള്‍ തങ്ങളുടെ നയമല്ല എന്നാണ്. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ ഈ വാഗ്ദാനം മറന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അമേഠിയിലെ ഫുഡ് പ്ലാന്റ് അവിടത്തെ കര്‍ഷകരുടെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാക്കും. അത് നിര്‍ത്തിവെക്കരുത് - രാഹുല്‍ പറഞ്ഞു.

ഇതേക്കുറിച്ച് ഇതാദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്നത്. അമേഠിയിലെയും സമീപ ജില്ലകളിലെയും 40000 ത്തോളം യുവാക്കള്‍ക്ക് ജോലി കിട്ടാന്‍ പോകുന്ന പദ്ധതിയാണ് ഇതെന്നും രാഹുല്‍ വികാരാധീനനായി പറഞ്ഞു. 2013 ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്ഥലം എം പിയായ രാഹുല്‍ തന്നെയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ഗൗരവവും കാണിക്കുന്നില്ല എന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തന്നോട് ഒരു കര്‍ഷകന്‍ പറഞ്ഞു - തങ്ങള്‍ ഒരു കിലോ ഉരുളക്കിഴങ്ങ് വില്‍ക്കുന്നത് 2 രൂപയ്ക്കാണ്. തങ്ങളുടെ മക്കള്‍ ഒരു പാക്കറ്റ് ചിപ്‌സ് വാങ്ങുന്നത് 10 രൂപയ്ക്ക്. അതിലാകട്ടെ വെറും 1 ഉരുളക്കിഴങ്ങേ ചെലവുള്ളൂ. ഇതെന്ത് മാജിക്കാണ് - രാഹുല്‍ ലോക്‌സഭയില്‍ ചോദിച്ചു.












Click it and Unblock the Notifications