രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതി വിധി... 'മോദി'യെ അപകീര്‍ത്തിപ്പെടുത്തിയ കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് ഗുജറാത്തിലെ സൂറത്ത് കോടതി വിധി. 'മോദി'യെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് വിധി. ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തതും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നതും. രാഹുല്‍ ഗാന്ധി വിധി കേള്‍ക്കാന്‍ സൂറത്തിലെ കോടതിയില്‍ എത്തിയിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മോദി'യെ അപകീര്‍ത്തിപ്പെടുത്തി രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്നാണ് ആരോപണം. കള്ളന്മാര്‍ക്കെല്ലാം മോദി എന്ന പേര് വന്നത് എങ്ങനെയാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കേസില്‍ പ്രതിയായി രാജ്യംവിട്ട ലളിത് മോദിയെ ഉള്‍പ്പെടെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് കേസിന് കാരണമായത്.
കര്‍ണാടകയിലെ കോലാറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രചാരണ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. എല്ലാ കള്ളന്മാര്‍ക്കും പേരിനൊപ്പം മോദി എന്ന് വന്നത് എങ്ങനെ എന്ന രാഹുലിന്റെ വാക്കുകള്‍ മോദി സമൂഹത്തെ അപമാനിക്കുന്നതാണ് എന്ന് ബിജെപി എംഎല്‍എ പുര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ പറയുന്നു. മോദി വിഭാഗത്തെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ചെയ്തതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
2021 ഒക്ടോബറില്‍ രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായിരുന്നു രാഹുല്‍ എത്തിയത്. അന്ന് ഗുജറാത്ത് സര്‍ക്കാരിലെ മന്ത്രിയായിരുന്നു പരാതിക്കാരനായ പൂര്‍ണേഷ് മോദി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് പൂര്‍ണേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പൂര്‍ണേഷ് മോദിയെ ലക്ഷ്യമിട്ടായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണ് രാഹുല്‍ പ്രസംഗിച്ചത്. നരേന്ദ്ര മോദിയാണ് പരാതി നല്‍കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണേഷിന്റെ പരാതി നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. വിചാരണ നടപടികളില്‍ തുടക്കം മുതല്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.












Click it and Unblock the Notifications