അമ്മയും അച്ഛനും കഴിഞ്ഞാൽ രാഹുൽ ഗാന്ധി, മരിക്കാൻ തീരുമാനിച്ചപ്പോൾ കരുത്ത് നൽകിയെന്ന് ദിവ്യ സ്പന്ദന
ബെംഗളൂരു: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് നടിയും കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവിയും ആയ ദിവ്യ സ്പന്ദന ( രമ്യ) യുടെ വാക്കുകള്‍ വൈറലാകുന്നു. ജീവിത്തില്‍ സംഭവിച്ച ഒരു പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് കരുത്തായത് രാഹുല്‍ ഗാന്ധി ആയിരുന്നു എന്നാണ് ദിവ്യ പറഞ്ഞത്. കന്നട ടോക്ക് ഷോ ആയ വീക്കെന്‍ഡ് വിത്ത് രമേഷ് അഞ്ചാം സീസണില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കവേയാണ് ദിവ്യയുടെ വെളിപ്പെടുത്തല്‍.
അച്ഛന്‍ ആര്‍ടി നാരായണിന്റെ മരണം ജീവിതത്തിലെ കഠിനമായ കാലഘട്ടമായിരുന്നുവെന്നും ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചിരുന്നുവെന്നും ദിവ്യ പറയുന്നു. എന്നാല്‍ അന്ന് തനിക്ക് മാനസിക പിന്തുണ നല്‍കിയത് രാഹുല്‍ ഗാന്ധി ആയിരുന്നു. അച്ഛന്‍ മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് താന്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. അന്ന് തനിക്ക് ഒന്നും അറിയില്ലായിരുന്നു, ആരെയും അറിയില്ലായിരുന്നു, ദിവ്യ സ്പന്ദന പറയുന്നു.

പാര്‍ലമെന്റിലെ നടപടികളെ കുറിച്ചും അന്ന് തനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ പിന്നീട് താന്‍ എല്ലാം പഠിച്ചു. അച്ഛന്‍ വിട്ടുപോയതിന്റെ വേദന താന്‍ ജോലിയിലേക്ക് വഴി തിരിച്ച് വിട്ടു. തന്റെ മണ്ഡലമായ മാണ്ഡ്യയിലെ ജനങ്ങളാണ് അതിനുളള ആത്മവിശ്വാസം തനിക്ക് നല്‍കിയത്, ദിവ്യ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി അമ്മയാണ്. അത് കഴിഞ്ഞാല്‍ അച്ഛനും പിന്നെ രാഹുല്‍ ഗാന്ധിയും.
അച്ഛന്‍ മരണപ്പെട്ടപ്പോള്‍ താന്‍ ആകെ തകര്‍ന്ന് പോയിരുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു. താന്‍ ഏകാന്തതയിലേക്ക് വീണു. മാത്രമല്ല താന്‍ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അത് വേദനകളുടെ ഒരു കാലമായിരുന്നു. ആ സമയത്ത് രാഹുല്‍ ഗാന്ധിയാണ് തന്നെ സഹായിച്ചതും പിന്തുണച്ചതും. അദ്ദേഹം തനിക്ക് മാനസികമായി വലിയ പിന്തുണ നല്‍കിയെന്ന് ദിവ്യ സ്പന്ദന പറഞ്ഞു..

തെന്നിന്ത്യയിലെ അറിയപ്പെടുന്ന സിനിമാ താരമായ രമ്യ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ദിവ്യ സ്പന്ദന രാഹുല്‍ ഗാന്ധി രൂപം കൊടുത്ത യുവനേതാക്കളുടെ ടീമില്‍ പ്രധാനപ്പെട്ട നേതാവായിരുന്നു. കര്‍ണാടകത്തിലെ മാണ്ഡ്യയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിവ്യ വന്‍ വിജയം നേടി. 47000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിവ്യ ജെഡിഎസ് സ്ഥാനാര്‍ത്ഥി സിഎസ് പുട്ടരാജുവിനെ തോല്‍പ്പിച്ചത്.
ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംപിയെന്ന റെക്കോര്‍ഡും ദിവ്യ സ്വന്തമാക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് രമ്യ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗത്തെ നയിച്ചു. ബിജെപിയെ രൂക്ഷമായി കടന്നാക്രമിച്ച് രമ്യ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് രമ്യ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി സ്ഥാനം വിടുകയും രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയുമായിരുന്നു. ഇപ്പോള്‍ രമ്യ സിനിമയിലേക്ക് സജീവമായി തിരിച്ച് വന്നിരിക്കുകയാണ്.












Click it and Unblock the Notifications