'എഴുതി നൽകാം, അവർ അധികാരത്തിൽ തിരിച്ച് വരില്ല', പുൽവാമ, അദാനി.. സത്യപാൽ മാലിക്കുമായി രാഹുലിന്റെ അഭിമുഖം
ഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികുമായി അഭിമുഖം നടത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രാഹുല്‍ ഗാന്ധി അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണവും അദാനിയുമടക്കം നിരവധി വിഷയങ്ങളെക്കുറിച്ചാണ് ഇരുവരുടേയും സംഭാഷണം.
2019ലെ പുല്‍വാമ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യപാല്‍ മാലിക് നേരത്തെ രംഗത്ത് വന്നിരുന്നു. അഭിമുഖത്തില്‍ സത്യപാല്‍ മാലിക് പറയുന്നത് ഇങ്ങനെ: പുല്‍വാമ നമ്മുടെ പിഴവാണ് എന്ന് ഞാന്‍ രണ്ട് ചാനലുകളോട് പറഞ്ഞു. എന്നാല്‍ അത് എവിടെയും പറയാന്‍ നില്‍ക്കരുത് എന്നാണ് തന്നോട് പറഞ്ഞത്.

എന്റെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അന്വേഷണമേ ഉണ്ടായില്ല. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി അത് ഉപയോഗിക്കപ്പെട്ടു. ആക്രമണം നടന്ന് മൂന്നാം നാള്‍ പ്രധാനമന്ത്രി മോദി അത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു, രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. പുല്‍വാമ ആക്രമണം എങ്ങനെയാണ് സംഭവിച്ചത്? അവര്‍ 5 വിമാനങ്ങള്‍ ആവശ്യപ്പെട്ടു. തന്നോടായിരുന്നു ചോദിച്ചിരുന്നത് എങ്കില്‍ അപ്പോള്‍ തന്നെ അനുവദിക്കുമായിരുന്നു.
മഞ്ഞില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഞാന്‍ വിമാനം അനുവദിച്ചിരുന്നു. ഡല്‍ഹിയില്‍ വിമാനങ്ങള്‍ വാടകയ്ക്ക് കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ സൈന്യത്തിന്റെ അപേക്ഷ നാല് മാസം ആഭ്യന്തര മന്ത്രാലയത്തില്‍ കിടന്നു. അതിന് ശേഷം തള്ളിക്കളഞ്ഞു. അതോടെയാണ് സുരക്ഷിതമല്ലാത്ത റോഡ് മാര്‍ഗം സിആര്‍പിഎഫ് തിരഞ്ഞെടുത്തത്. സൈനിക വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം 10 കിടന്ന് കറങ്ങിയിട്ടും പരിശോധിക്കപ്പെട്ടില്ലെന്നും മാലിക് ആരോപിച്ചു.
കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കാനായി പോയപ്പോള്‍ തന്നെ ഒരു മുറിയിലടച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി വിഷയത്തിലും സത്യപാല്‍ മാലിക് പ്രതികരിച്ചു. താങ്ങുവില നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കാരണം അദാനി വിളകള്‍ വാങ്ങി, വലിയ ഗോഡൗണുകള്‍ നിര്‍മ്മിച്ചു. അടുത്ത വര്‍ഷം വില ഉയരുമ്പോള്‍ അദാനി അവ വില്‍ക്കും. എംഎസ്പി നടപ്പാക്കിയാല്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ വിളകള്‍ അവര്‍ക്ക് വില്‍ക്കില്ല, മാലിക് പറഞ്ഞു.
മണിപ്പൂര്‍ കലാപവും സര്‍ക്കാരിന്റെ പരാജയമാണെന്ന് സത്യപാല്‍ മാലിക് ആരോപിച്ചു. സര്‍ക്കാരിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. എന്നിട്ടും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റിയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശാന്തമായിരുന്നു, അവര്‍ അത് ഇല്ലാതാക്കി. പക്ഷേ ഇത് 6 മാസത്തേക്ക് മാത്രമാണ്. എഴുതി നല്‍കാം, അവര്‍ തിരിച്ച് അധികാരത്തില്‍ വരില്ല, സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications