അമേഠി ഇത്തവണയും സേഫ് അല്ല, രാഹുൽ ലോക്സഭയിലേക്ക് മത്സരിക്കുക ഇവിടെ നിന്നോ? രണ്ടാം മണ്ഡലം
ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ ബി ജെ പി വലിയ വെല്ലുവിളി തീർത്തതോടെയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. വമ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ രണ്ടിടത്ത് മത്സരിക്കണമെന്നതാണ് പാർട്ടിയിലെ പൊതു അഭിപ്രായമത്രേ. ദക്ഷിണേന്ത്യയ്ക്കൊപ്പം കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം പകരാൻ ഉത്തരേന്ത്യയിലും മത്സരിക്കണമെന്നതാണ് ആവശ്യം. അങ്ങനെയെങ്കിൽ രാഹുൽ എവിടെ മത്സരിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്.

യുപിയിലെ അമേഠിയിലേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. കോൺഗ്രസ് കോട്ടയായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ വീഴ്ത്തി കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയാണ് മണ്ഡലം പിടിച്ചത്. ഇത്തവണയും ഇവിടെ വലിയ വെല്ലുവിളിയാണ് സ്മൃതി തീർക്കുന്നതെന്നാണ് സൂചന.വികസന പ്രവർത്തനങ്ങൾ നടത്തി മുന്നേറുകയാണ് സ്മൃതി. അതുകൊണ്ട് തന്നെ അമേഠിയിലേക്ക് രാഹുൽ മടങ്ങിയേക്കില്ല. റായ്ബറേലിയാണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരു മണ്ഡലം.

നിലവിൽ യുപിയിൽ കോൺഗ്രസിന് അധികാരമുള്ള ഏക ലോക്സഭ മണ്ഡലം സോണിയ ഗാന്ധിയുടെ റായ്ബറേലിയാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സോണിയ ഇക്കുറി ഇവിടെ നിന്ന് മത്സരിക്കാൻ സാധ്യതയില്ല. രാഹുൽ ഗാന്ധിയുടേയോ പ്രിയങ്ക ഗാന്ധിയുടെയോ പേരാണ് ഇവിടെ ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഇത്തവണ റായ്ബറേലിയിലും മത്സരം കടുക്കുമെന്നാണ് ഇവിടുത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. റായ്ബറേലി മണ്ഡലത്തിന് കീഴിലുള്ള 5 നിയമസഭ മണ്ഡലങ്ങളിൽ ഒന്നിൽ പേലും കോൺഗ്രസിന് അധികാരമില്ല. നാലിടത്ത് സമാജ്വാദി പാർട്ടിയും ഒരിടത്ത് ബി ജെ പിയുമാണ്.

യുപിയിലെ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയ്ക്ക് വേണ്ടി പ്രചരണം നയിച്ചിരുന്നത്. റായ്ബറേലിയുടെ മുക്കും മൂലയും കൃത്യമായി അറിയുന്ന പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. പ്രിയങ്ക മത്സരത്തിന് ഇറങ്ങിയാൽ സമാജ്വാദിയും ബി ജെ പിയും തീർക്കുന്ന വെല്ലുവിളിയെ നേരിടാൻ സാധിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ കന്നി അങ്കത്തിൽ പ്രിയങ്കയെ സുരക്ഷിത മണ്ഡലത്തിലേ കോൺഗ്രസ് നേതൃത്വം മത്സരിപ്പിക്കൂവെന്നാണ് വിലയിരുത്തലുകൾ.

അതേസമയം യുപി അല്ലെങ്കിൽ കോൺഗ്രസിന് അധികരമുള്ള രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ നിന്ന് രാഹുലിനെ മത്സരിപ്പിക്കാനുള്ള സാധ്യത ഉണ്ട്. ഈ വർഷം അവസാനമാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപെയുള്ള സെമി ഫൈനൽ എന്ന നിലയ്ക്കാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. കോൺഗ്രസിന് ആധിപത്യം തുടരാൻ സാധിച്ചാൽ രാഹുൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഒന്നിൽ മത്സരിക്കും.

അധികാരം ഇല്ലെങ്കിലും മധ്യപ്രദേശിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷിത മണ്ഡലം ഒരുക്കാനാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കമൽനാഥിന്റെ മണ്ഡലമായിരുന്ന ചിന്ത്വരയാണ് രാഹുലിനായി സംസ്ഥാന കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്യുന്നത്. രൂരീകരിച്ച അന്ന് മുതൽ കഴിഞ്ഞ 17 തവണയും കോൺഗ്രസ് ജയിച്ച മണ്ഡലമാണിത്. മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിന്റെ കുടുംബ മണ്ഡലം കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്. കമൽനാഥും ഭാര്യയും മകനുമെല്ലാം ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കമൽനാഥിന്റെ മകൻ നകുൽനാഥ് ഇവിടെ നിന്ന് വിജയിച്ചത്. രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയാൽ കമൽനാഥ് കുടുംബം തയ്യാറായേക്കും. എന്തായാലും ആഭ്യന്തര സർവ്വേകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.












Click it and Unblock the Notifications