ഇത് ഭാരത് ജോഡോ യാത്ര മുടക്കാനുളള ശ്രമമാണ്, ആരോഗ്യമന്ത്രിയുടെ കത്തിനോട് പ്രതികരിച്ച് രാഹുൽ ഗാന്ധി
ദില്ലി: കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തി വെയ്ക്കണം എന്നുളള കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചത്. ഇത് യാത്ര മുടക്കാനുളള ശ്രമം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്.
''ഭാരത് ജോഡോ യാത്ര കശ്മീര്‍ വരെ പോകും. ഇപ്പോള്‍ അവര്‍ പുതിയ ഒരു ഐഡിയയും കൊണ്ട് വന്നിരിക്കുകയാണ്. കൊവിഡ് വരുന്നു, അതുകൊണ്ട് യാത്ര നിര്‍ത്തി വെക്കണം എന്നാണ് അവര്‍ തനിക്ക് കത്ത് അയച്ചിരിക്കുന്നത്. നോക്കൂ, ഇപ്പോള്‍ ഓരോ വഴികള്‍ കണ്ടെത്തുകയാണ് യാത്ര മുടക്കുന്നതിന് വേണ്ടി. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ എന്നതൊക്കെയുളളത് ഓരോരോ ഒഴിവ് കഴിവുകളാണ്. ഈ രാജ്യത്തിന്റെ സത്യത്തേയും കരുത്തിനേയും അവര്‍ ഭയക്കുന്നു'', രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ നഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശും ആരോഗ്യമന്ത്രിയുടെ കത്തിനെതിരെ രംഗത്ത് വന്നിരുന്നു. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി അടിയന്തരമായി കേന്ദ്രം നടപടിയെടുക്കുന്നത് ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എന്നാണ് ജയറാം രമേശിന്റെ പ്രതികരണം. ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി കത്ത് അയച്ചത്.
കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വെയ്ക്കണം എന്നാണ് മന്‍സുക് മാണ്ഡവ്യ അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. മാസ്‌കും സാനിറ്റൈസറും അടക്കമുളളവ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്നത് പോലുളള കൊവിഡ് പ്രൊട്ടോക്കോള്‍ യാത്രയില്‍ കര്‍ശനമായി പാലിക്കണമെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുളള ആളുകളെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും കത്തില്‍ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ പൊതുജനാരോഗ്യം കണക്കിലെടുത്തും രാജ്യത്തെ കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷിക്കാനും ഭാരത് ജോഡോ യാത്ര രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അവസാനിപ്പിക്കണം എന്നും കത്തില്‍ പറയുന്നു. കത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്ത് വന്നിരുന്നു. എനിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ സാധിക്കില്ല. തങ്ങള്‍ നിയമത്തിന് മേലെയാണ് എന്ന് ഒരു കുടുംബം വിചാരിക്കുന്നു എന്നത് കൊണ്ട് കൊവിഡ് പടരാനുളള സാധ്യതയെ തടയാന്‍ ഇടപെടാതിരിക്കാന്‍ സാധിക്കില്ല. ആരും പ്രത്യേകമായ പരിഗണന അര്‍ഹിക്കുന്നില്ല. യാത്രയില്‍ പങ്കെടുത്തതിന് ശേഷം നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്, ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമായി തന്നെ പാലിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.












Click it and Unblock the Notifications