Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിൽ രാഹുൽ യുഗത്തിന് അന്ത്യം! രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധി രാജിവച്ചു | News Of The Day | Oneindia Malayalam

    ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനെ ചൊല്ലിയുളള അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വിരാമം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാജിക്കത്ത് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ വഴി പുറത്ത് വിട്ടു.

    ഒരാഴ്ചയ്ക്കകം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കും. കോണ്‍ഗ്രസ് പ്രസിണ്ടിനെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കണം എന്ന നേതാക്കളുടെ നിര്‍ദേശം അദ്ദേഹം തള്ളിക്കളഞ്ഞു. മോത്തിലാൽ വോറ കോൺഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടായി ചുമതലയേൽക്കും എന്നാണ് റിപ്പോർട്ടുകൾ.

    തീരുമാനം നടപ്പിലാക്കി രാഹുൽ

    തീരുമാനം നടപ്പിലാക്കി രാഹുൽ

    ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ആദ്യമായി രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പ്രവര്‍ത്തക സമിതി രാജി തീരുമാനം തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിമാരും പ്രവര്‍ത്തകരും അടക്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടും രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോയില്ല. ഇന്ന് ആദ്യമായി രാഹുല്‍ ഗാന്ധി രാജിക്കാര്യത്തില്‍ പരസ്യ പ്രതികരണവും നടത്തി.

    ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ല

    ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനല്ല

    താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്ലെന്നും രാജിക്കത്ത് താന്‍ എന്നേ നല്‍കിയിട്ടുളളതാണ് എന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് മുറ്റത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പിന്നാലെയാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി രാജിക്കത്ത് പുറത്ത് വിട്ടത്. നാല് പേജുളള രാജിക്കത്തിന്റെ പൂര്‍ണരൂപം വായിക്കാം.

    തോൽവിക്ക് ഉത്തരവാദി

    തോൽവിക്ക് ഉത്തരവാദി

    നമ്മുടെ മനോഹരമായ ഈ നാടിന്റെ ജീവരക്തമായ മൂല്യങ്ങളും ആശയങ്ങളും മുന്നോട്ട് വെച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. നന്ദിയും സ്‌നേഹവും കൊണ്ട് എന്റെ പ്രസ്ഥാനത്തോടും രാജ്യത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിക്ക് അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഞാനാണ് ഉത്തരവാദി. ഉത്തരവാദിത്തമുണ്ടാവുക എന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അക്കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുന്നത്.

    കടുത്ത തീരുമാനങ്ങൾ ആവശ്യം

    കടുത്ത തീരുമാനങ്ങൾ ആവശ്യം

    പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് എണ്ണമറ്റ ആളുകള്‍ക്ക് ഉത്തരവാദിത്തം പറയേണ്ടി വരും. എന്നാല്‍ മറ്റുളളവരില്‍ തോല്‍വിയുടെ ഉത്തരവാദിത്തമേല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന എന്റെ ഉത്തരവാദിത്തം ഞാന്‍ മറന്നാല്‍ അത് അനീതിയാവും. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഞാന്‍ തീരുമാനിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.

    പുതിയ നേതൃത്വം ആവശ്യം

    പുതിയ നേതൃത്വം ആവശ്യം

    നമ്മുടെ പാര്‍ട്ടിയെ നയിക്കാന്‍ ഒരു പുതിയ നേതൃത്വം ആവശ്യമാണ്. എന്നാല്‍ ആ വ്യക്തിയെ താന്‍ തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കില്ല. അഭിമാനിക്കാവുന്ന പോരാട്ടത്തിന്റെ ചരിത്രവും സംസ്‌ക്കാരവും ഉളള പാര്‍ട്ടിയാണ് നമ്മുടേത്. ഇനി നമ്മളെ സ്‌നേഹത്താലും ധൈര്യത്താലും നയിക്കാന്‍ കഴിയുന്ന ഒരു മികച്ച നേതാവിനെ തന്നെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവര്‍ത്തക സമിതിയില്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ക്ക് എല്ലാ പിന്തുണയും താന്‍ വാഗ്ദാനം ചെയ്തിരുന്നു.

    ഇതൊരു പുതിയ പോരാട്ടമല്ല

    ഇതൊരു പുതിയ പോരാട്ടമല്ല

    രാഷ്ട്രീയ അധികാരത്തിന് വേണ്ടിയല്ല തന്റെ പോരാട്ടങ്ങളൊന്നും. ബിജെപിയോട് ദേഷ്യമോ വെറുപ്പോ ഇല്ല. എന്നാല്‍ അവര്‍ മുന്നോട്ട് വെക്കുന്ന ഇന്ത്യ എന്ന ആശയത്തെ താന്‍ വെറുക്കുന്നു.ഇന്ത്യയെന്ന തന്റെ ആശയും അവരുടേതുമായി നേരിട്ട് ഏറ്റ് മുട്ടുന്നതാണ്. ഇതൊരു പുതിയ പോരാട്ടമല്ല. ആയിരക്കണക്കിന് വര്‍ഷമായി ഈ യുദ്ധം ഈ മണ്ണില്‍ നടക്കുന്നു. അവര്‍ ഭിന്നതകള്‍ കാണുന്നിടത്ത് ഞാന്‍ ഐക്യം കാണുന്നു. അവര്‍ വെറുപ്പ് കാണുന്ന ഇടത്ത് സ്‌നേഹവും അവര്‍ ഭയക്കുന്നതിനെ ഞാന്‍ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നു.

    പോരാട്ടം നിലയ്ക്കുന്നില്ല

    പോരാട്ടം നിലയ്ക്കുന്നില്ല

    അനുകമ്പയാര്‍ന്ന ഈ ആശയം ലക്ഷക്കണക്കിന് പൗരന്മാരിലേക്ക് വ്യാപിക്കുന്നു. അത്തരമൊരു ഇന്ത്യയെ ആണ് നമുക്ക് ശക്തമായി നിലനിര്‍ത്തേണ്ടത്. നമ്മുടെ നാടിന്റെ ഘടനയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുളള ആക്രമണം ആണ് ഭരണഘടനയ്ക്കും രാജ്യത്തിനും എതിരെ നടക്കുന്നത്. അതിനെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും ഞാന്‍ പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ ഒരു വിശ്വസ്ത പടയാളിയാണ് ഞാന്‍. മാതൃരാജ്യത്തോട് കൂറുളള മകനാണ്. അവസാന ശ്വാസം വരെയും രാജ്യത്തിന് വേണ്ടിയുളള പോരാട്ടം നിലയ്ക്കില്ല.

    പലപ്പോഴും ഞാന്‍ തനിച്ച് പൊരുതി

    പലപ്പോഴും ഞാന്‍ തനിച്ച് പൊരുതി

    ശക്തമായ പോരാട്ടം തന്നെ നമ്മള്‍ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രചാരണം സഹോദര്യത്തിലും സഹിഷ്ണുതയിലും എല്ലാ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ട ജനത്തോടുളള ബഹുമാനത്തിലും അധിഷ്ടിതമായിരുന്നു. പ്രധാനമന്ത്രിയോടും ആര്‍എഎസിനോടും അവര്‍ കയ്യടക്കിയ സ്ഥാപനങ്ങളോടും എല്ലാ ശക്തിയുമെടുത്ത് ഞാന്‍ പൊരുതി. കാരണം ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഞാന്‍ പോരാടി. പലപ്പോഴും ഞാന്‍ തനിച്ച് പൊരുതി. അതേക്കുറിച്ച് എനിക്ക് അഭിമാനമേ ഉളളൂ.

    സത്യസന്ധമായ തിരഞ്ഞെടുപ്പ് അസാധ്യം

    സത്യസന്ധമായ തിരഞ്ഞെടുപ്പ് അസാധ്യം

    അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സ്ത്രീകളുടേയും പുരുഷന്മാരുടേയും ആത്മാര്‍ത്ഥത പൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തനിക്ക് ഒട്ടേറെ പഠിക്കാനുണ്ടായിരുന്നു. അവര്‍ സ്‌നേഹത്തെ കുറിച്ചും മാന്യതയെ കുറിച്ചും തന്നെ പഠിപ്പിച്ചു. സ്വതന്ത്രവും നീതിപൂര്‍വ്വവും ആയ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ നിഷ്പക്ഷമായിരിക്കണം. സ്വതന്ത്രമായ മാധ്യമങ്ങള്‍, നിയമസംവിധാനം, സുതാര്യമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നി ആവശ്യമാണ്. സാമ്പത്തിക സ്രോതസ്സുകളുടെ കുത്തക ഒരു പാര്‍ട്ടിക്ക് മാത്രമാകുമ്പോഴും സത്യസന്ധമായ തിരഞ്ഞെടുപ്പ് അസാധ്യമാണ്

    നിഷ്പക്ഷത ഇന്ന് അപ്രത്യക്ഷം

    നിഷ്പക്ഷത ഇന്ന് അപ്രത്യക്ഷം

    2019ലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ അല്ല നമ്മള്‍ എതിരിട്ടത്. മറിച്ച് സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളോടുമാണ്. പ്രതിപക്ഷത്തിന് നേരെ അണിനിരത്തപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളോടാണ്. ഒരുകാലത്ത് പ്രകീര്‍ത്തിക്കപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. രാജ്യത്തെ സ്ഥാപനങ്ങളെ വരുതിയിലാക്കുക എന്ന ആര്‍എസ്എസിന്റെ അജണ്ട ഇന്ന് നടപ്പിലാക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യം ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന കരുത്തുറ്റ പ്രക്രിയ എന്ന നിലയില്‍ നിന്നും വെറുമൊരു ആചാരമായി തിരഞ്ഞെടുപ്പുകള്‍ ഇവിടം മുതല്‍ മാറുകയാണ്.

    ആരോപണങ്ങളെ മറയ്ക്കാനാവില്ല

    ആരോപണങ്ങളെ മറയ്ക്കാനാവില്ല

    അധികാരം ഇത്തരത്തില്‍ പിടിച്ചെടുക്കപ്പെടുന്നത് ആലോചിക്കാവുന്നതിലും അപ്പുറത്തേക്കുളള അക്രമങ്ങളിലേക്കും വേദനകളിലേക്കും ഇന്ത്യയെ തളളിവിടും. കര്‍ഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരും സ്ത്രീകളും ദളിതരും ആദിവാസികളുമാവും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയേയും അഭിമാനത്തേയും അത് തകിടം മറിക്കും. വിജയം കൊണ്ട് പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളെ മറയ്ക്കാനാവില്ല. സത്യത്തിന്റെ വെളിച്ചത്തെ പണം കൊണ്ടോ അജണ്ടകള്‍ തയ്യാറാക്കിയോ മറച്ച് വെക്കാന്‍ സാധിക്കില്ല.

    ആ ശബ്ദങ്ങളെ പ്രതിരോധിക്കണം

    ആ ശബ്ദങ്ങളെ പ്രതിരോധിക്കണം

    രാജ്യം ഒരുമിക്കുകയും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ തിരിച്ച് പിടിക്കുകയും വേണം. അതിനുളള ചാലകശക്തിയായി കോണ്‍ഗ്രസ് പാര്‍ട്ടി മാറും. ആ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മാറേണ്ടതുണ്ട്. ഘട്ടം ഘട്ടമായി ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെ ബിജെപി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആ ശബ്ദങ്ങളെ പ്രതിരോധിക്കുക എന്നത് കോണ്‍ഗ്രസിന്റെ കര്‍മ്മമാണ്. ഇന്ത്യ ഒരിക്കലും ഒരു കൂട്ടരുടെ ശബ്ദം മാത്രമായി മാറില്ല. ഈ നാട് എപ്പോഴും അനവധി ശബ്ദങ്ങുടെ സിംഫണി തീര്‍ക്കും. അതാണ് ഭാരത മാതാവിന്റെ അന്തസത്ത.

    എന്തിനും ഞാനുണ്ടാകും

    എന്തിനും ഞാനുണ്ടാകും

    പിന്തുണയും സ്‌നേഹവും അറിയിച്ച രാജ്യത്തിന് അകത്തും പുറത്തുമുളള എല്ലാ ഭാരതീയര്‍ക്കും നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വേണ്ടി എല്ലാ കരുത്തും ഉപയോഗിച്ച് ഇനിയും പൊരുതുക തന്നെ ചെയ്യും. പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്തിനും ഞാനുണ്ടാകും. കോണ്‍ഗ്രസിന്റെ വിശ്വസ്തരായ പ്രവര്‍ത്തകരേ, എനിക്കിപ്പോഴും ഭാവിയിലും നിങ്ങളുടെ സ്‌നേഹത്തിലും വിശ്വാസമുണ്ട്

    കോണ്‍ഗ്രസ് എന്റെ ജീവരക്തമായിരിക്കും

    കോണ്‍ഗ്രസ് എന്റെ ജീവരക്തമായിരിക്കും

    അധികാരത്തില്‍ കടിച്ച് തൂങ്ങുക ഇന്ത്യയില്‍ സാധാരണമാണ്. ആരും സ്ഥാനം ത്യജിക്കില്ല. അധികാരത്തിന് വേണ്ടിയുളള ആഗ്രഹം വെടിയാതെയും ആശയപരമായി ശക്തമായ യുദ്ധം നയിക്കാതെയും നമുക്ക് എതിരാളികളെ തോല്‍പ്പിക്കാനാവില്ല. ഒരു കോണ്‍ഗ്രസുകാരനായിട്ടാണ് ഞാന്‍ ജനിച്ചത്. ഈ പാര്‍ട്ടി എന്നും എനിക്കൊപ്പമുണ്ടായിരുന്നു. ഇനിയുളള കാലത്തും കോണ്‍ഗ്രസ് എന്റെ ജീവരക്തമായിരിക്കും.

    ജയ് ഹിന്ദ്

    രാഹുല്‍ ഗാന്ധി

    രാഹുലിന്റെ ട്വീറ്റ്

    ട്വിറ്ററിൽ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്ത രാജിക്കത്ത് വായിക്കാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+