തെരഞ്ഞെടുപ്പ് തോല്‍വി; രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തില്ല
ദില്ലി: രാജ്യമെമ്പാടും കോണ്‍ഗ്രസ് വലിയ തോല്‍വിയെ നേരിട്ടുകൊണ്ടിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി. രാജീവ് ഗാന്ധിയുടെ ചരമദിനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ നിന്നും മുന്‍കൂട്ടി അറിയിക്കാതെയാണ് രാഹുല്‍ ഒഴിഞ്ഞുമാറിയത്.
യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കോണ്‍ഗ്രസ് നേതാക്കളില്‍ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും നീക്കപ്പെടുകയും ചെയ്തിരുന്നു.

കേരളത്തിലും അസമിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായപ്പോള്‍ തമിഴ് നാട്ടിലും പശ്ചിമ ബംഗാളിലും പാര്‍ട്ടിക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാനും സാധിച്ചിട്ടില്ല. ഇതോടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യമാണന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നത്.
പാര്‍ട്ടിയില്‍ അടിമുടി മാറ്റംവേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിയെ രാഹുലിന് പകരക്കാരനായി ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും നേതാക്കള്‍ ശ്രമിച്ചുവരികയാണ്. നേരത്തെ ദില്ലി തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി രാജ്യത്തിന് പുറത്ത് അജ്ഞാതവാസത്തിനായി പോയിരുന്നു.












Click it and Unblock the Notifications