സൈന്യം രാജ്യത്തെ 10 ശതമാനം പേരുടെ നിയന്ത്രണത്തിലെന്ന് രാഹുൽ ഗാന്ധി, വിവാദം
ന്യൂ ഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദത്തിലായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സവര്‍ണരായ രാജ്യത്തെ 10 ശതമാനം ആളുകളുടെ നിയന്ത്രണത്തിലാണ് സൈന്യം എന്നാണ് ഔറംഗാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. വ്യാഴാഴ്ചയാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കുന്നത്.
കോര്‍പറേറ്റ് മേഖലയിലും ബ്യൂറോക്രസിയിലും നീതിന്യായ വ്യവസ്ഥയിലും എന്തിന് സൈന്യത്തെ പോലും നിയന്ത്രിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന ആളുകളാണ്. ദളിതരും പട്ടിക ജാതിക്കാരും മറ്റ് പിന്നാക്ക വിഭാഗക്കാരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന ബാക്കി 90 ശതമാനം ജനതയെ എവിടെയും കാണാനില്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ജാതി സെന്‍സസ് നടത്തുന്നതിലൂടെ സംവിധാനത്തിന് പുറത്ത് നില്‍ക്കുന്ന 90 ശതമാനം ആളുകളെ കണ്ടെത്താനും അവരെ സംരക്ഷിക്കാനും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നമുക്ക് കണക്കുകള്‍ ആവശ്യമാണ്. എത്ര ദളിതര്‍, സ്ത്രീകള്‍, ഒബിസിക്കാര്‍, ന്യൂനപക്ഷങ്ങള്‍ ഇവരൊക്കെ ഉണ്ടെന്ന് അറിയണം. ജാതി സെന്‍സസ് നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നതിലൂടെ ഭരണഘടനയുടെ സംരക്ഷണമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും പങ്കാളിത്തം സാധിക്കുന്നില്ലെങ്കില്‍ ഭരണഘടനയെ സംരക്ഷിക്കുക സാധ്യമല്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് സൈന്യത്തെ സംബന്ധിക്കുന്ന വിവാദ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരത്തെയും രാഹുല്‍ ഗാന്ധി വിവാദത്തിലായിരുന്നു.
വോട്ടിന് വേണ്ടി സ്‌റ്റേജില്‍ നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതും ചെയ്യും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും വിവാദമായിരുന്നു. സൈന്യത്തെ കുറിച്ചുളള പരാമര്‍ശത്തിലും രാഹുല്‍ ഗാന്ധി വിവാദത്തിലാകുന്നത് ഇതാദ്യമായല്ല. ഭാരത് ജോഡോ യാത്രയ്ക്കിടെ അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തല്ലിയൊതുക്കുകയാണ് എന്ന് രാഹുല്‍ പറഞ്ഞത് സുപ്രീം കോടതിയുടെ അടക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications