രാഹുല്‍ 'രാഷ്ട്രപതി'സ്ഥാനാര്‍ത്ഥിയെന്ന് മന്‍മോഹന്‍
ദില്ലി: ഏത് പ്രധാനമന്ത്രിയാണെങ്കിലും അറിയാതെ നാക്കൊന്ന് പിഴച്ചെന്നൊക്കെ ഇരിക്കും. വല്ലപ്പോഴും മാത്രം സംസാരിക്കാനായി വായ തുറക്കുന്ന ആളാണെങ്കില്‍ പ്രത്യേകിച്ചും. നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും ഇങ്ങനെ ഒരു നാക്ക് പിഴ ഉണ്ടായി.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചോദിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നാണ് മന്മോഹന്‍ സിങ് പറഞ്ഞത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിക്ക് ഇത്തരമൊരു തെറ്റ് സംഭവിച്ചത്.

സിഎന്‍എന്‍-ഐബിഎന്‍ ചാനലിലെ പല്ലവി ഘോഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ്. കോണ്‍ഗ്രസ് കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും എന്നാണ് താന്‍ കരുതുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് തെറ്റ് പറ്റിയെങ്കിലും അത് ആരും തിരുത്തിയില്ല എന്നതാണ് അതിലും രസകരമായ വസ്തുത. പ്രധാനമന്ത്രിക്കൊപ്പം പത്രസമ്മേളനത്തനുണ്ടായിരുന്നു വാര്‍ത്താവിതരണ വകുപ്പ് മന്ത്രി മനീഷ് തീവാരിയും ഇക്കാര്യംശ്രദ്ധിച്ചില്ല.
മൂന്നാമതും പ്രധാനമന്ത്രിയാകാന്‍ താന്‍ ഇല്ലെന്ന് മന്‍മോഹന്‍സിങ് വ്യക്തമാക്കിയിരുന്നു. കാലാവധി തികക്കും മുമ്പ് മന്‍മോഹന്‍ സിങ് രാജിവച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പിറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കി. രാജിവക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും കാലാവധി പൂര്‍ത്തിയാകും വരെ പ്രധാനമന്ത്രിയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications