രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല; പ്ലാൻ ബിയുമായി കോൺഗ്രസ്
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച് പാർട്ടിയുടെ പടിയിറങ്ങിയത്. തുടർന്ന് പല ഘട്ടങ്ങളിലും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനെ തിരികെയെത്തിക്കാൻ നേതൃത്വം കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ അധ്യക്ഷപദം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും വഴങ്ങാൻ രാഹുൽ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്ലാൻ ബി നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

പുതിയ അധ്യക്ഷൻ
അധ്യക്ഷ സ്ഥാനത്തേക്ക് ഉടൻ നേതാവിനെ നിയമിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തുകൾ ഉണ്ടായില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന മുന്നറിയിപ്പാണ് മുതിർന്ന നേതാക്കൾ നൽകുന്നത്. നേരത്തേ ഇക്കാര്യം ഉയർത്തി 23 നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു.

വിമതരുടെ യോഗം
ഈ മാസം പകുതിയോടെ കത്തെഴുതിയ ശശി തരൂർ,കപിൽ സിബൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിലേത് ഉൾപ്പെടെയുള്ള നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരു്നനു അടിയന്തര കൂടിക്കാഴ്ച.യോഗത്തിലും അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം നേതാക്കൾ ഉയർത്തിയിരുന്നു.യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധി വരണമെന്ന്
പാർട്ടിയിൽ ആവശ്യം ശക്തമായതോടെ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾക്ക് കോൺഗ്രസിൽ തുടക്കമായിട്ടുണ്ട്.അതേസമയം രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഗാന്ധി കുടുംബത്തിനല്ലാതെ മറ്റാർക്കും പാർട്ടിയെ ഒറ്റക്കെട്ടായി മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഏറ്റെടുക്കില്ല
എന്നാൽ കത്തെഴുതിയ വിമതർ ഉൾപ്പെടെയുള്ള ചില നേതാക്കൾക്ക് ഇതിനോട് അനുകൂല നിലപാടല്ല.അതേസമയം അധ്യക്ഷ പദം ഏറ്റെടുക്കാൻ താൻ ഒരുക്കമല്ലെന്ന നിലപാട് തന്നെയാണ് സോണിയ ഗാന്ധി വിളിച്ച്ചേർത്ത വിമതരുടെ യോഗത്തിലും രാഹുൽ ഗാന്ധി ആവർത്തിച്ചത്.

പൊളിച്ചെഴുത്തുകൾ വേണം
ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഒരുപാർട്ടി പവർത്തകൻ എന്ന നിലയിൽ ഏറ്റെടുക്കാൻ തയ്യാറാണ്.ഞാൻ കോൺഗ്രസ് അധ്യക്ഷനാകണമോ ഇല്ലെയോ എന്നതല്ല വിഷയം , മറിച്ച് പാർട്ടിയിൽ പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്നതാണ് എന്നായിരുന്നു രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞത്.

വിദേശ സന്ദർശനം
ഇതിനിടെ കഴിഞ്ഞ ദിവസം പാർട്ടിയുടെ 136ാം സ്ഥാപക ദിനത്തിൽ രാഹുൽ ഗാന്ധി വിദേശത്ത് പറന്നതും ഇനി പാർട്ടി അമരത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനം വ്യക്തിപരമായിട്ടാണെന്ന് കോൺഗ്രസ് വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

പ്ലാൻ ബി
അതേസമയം രാഹുൽ അധ്യക്ഷ പദം ഏറ്റെടുക്കുന്നില്ലേങ്കിൽ പ്ലാൻ ബി പാർട്ടി അണിയറയിൽ ഒരുക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സോണിയ ഗാന്ധിയുടെ കീഴിൽ തന്നെ നാല് വൈസ് പ്രസിഡന്റുമാരെ നിയോഗിച്ച് കൊണ്ട് പ്രവർത്തിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

നാല് സോണുകൾ
ഓരോ സോണുകൾക്കും ഓരോ വൈസ് പ്രസിഡന്റുമാർ എന്ന നിലയിലായിരിക്കും നിയമനം. സോണിയയ്ക്ക് കീഴിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ഇവർ നടത്തുക.ഇവർക്ക് കീഴിൽ നാല് ജനറൽ സെക്രട്ടറിമാരും ഉണ്ടാകുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
ചെങ്കോട്ടയിൽ പരേഡ് ഇല്ല; സൈനികരുടെ എണ്ണവും കുറയും;റിപബ്ലിക് ദിന പരേഡിൽ കർശന നിയന്ത്രണം