ചെന്നൈയില്‍ വീണ്ടും മഴ, സ്‌കൂളുകള്‍ അടഞ്ഞു തന്നെ, മരണം 14 ആയി
ചെന്നൈ: കനത്തമഴ വീണ്ടുമെത്തിയതോടെ ചെന്നൈ നഗരം വെള്ളത്തിനടിയിലേക്ക്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി തുടരുകയാണ്.
മഴ വീണ്ടും ശക്തമായാല്‍ 2015ലെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി ഇ പളനിസ്വാമി പറയുന്നത്.

കൊടുങ്ങയ്യൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതിനു പിറകെ തിരുവരൂരിന് അടുത്തുള്ള മണല്‍അഗരത്തില്‍ ഒരു കര്‍ഷകും ഷോക്കേറ്റു. കൃഷി സ്ഥലത്ത് പൊട്ടി വീണ ഇലക്ട്രിക് കമ്പിയിലൂടെയാണ് വൈദ്യുതാഘാതമേറ്റത്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പൊകരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചില്‍ പോലും വെള്ളം കയറിയിരിക്കുകയാണ്.

ഒക്ടോബര്‍ 31 മുതല്‍ തന്നെ ചെന്നൈ, തിരുവള്ളുര്‍, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വെള്ളം കെട്ടിക്കിടക്കുന്ന ചില പ്രദേശങ്ങളില്‍ സിഗ്നല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സെന്റ് തോമസ് മൗണ്ട്, കോടമ്പാക്കം സബര്‍ബന്‍ സര്‍വീസുകളില്‍ തടസ്സം നേരിട്ടിരുന്നു.

രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് എഐഎഡിഎംകെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇതിനകം 105ഓളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രം തുറന്നിട്ടുണ്ട്. 2015ല്‍ ചെന്നൈയില്‍ മാത്രം 150 പേരാണ് മരിച്ചത്.

കാലാവസ്ഥ നിരീക്ഷണവകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അടുത്ത 24 മണിക്കൂറും കനത്ത മഴ തുടരാനാണ് സാധ്യത. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്












Click it and Unblock the Notifications