'റൺ എടുത്ത് ടീമിനെ വിജയിപ്പിക്കാതെ പരസ്പരം ഔട്ടാക്കുന്ന ബാറ്റ്സ്മാൻമാർ'; കോൺഗ്രസിനെതിരെ മോദി
ജയ്പൂർ; രാജസ്ഥാൻ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാറ്റർമാർ പരസ്പരം റണ്ണൗട്ടാക്കാൻ ശ്രമിക്കുന്ന ക്രിക്കറ്റ് ടീം പോലെയാണ് സംസ്ഥാന നേതൃത്വമെന്നും അഴിമതിക്കാരായ കോൺഗ്രസ് ടീമിനെ ബി ജെ പി അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും മോദി പറഞ്ഞു. താരാനഗറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ക്രിക്കറ്റിൽ ഒരു ബാറ്റർ വന്ന് തന്റെ ടീമിന് വേണ്ടി റൺ നേടുകയാണ് ചെയ്യുകയ. എന്നാൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ്, അവരുടെ നേതാക്കൾ റൺസ് നേടുന്നതിന് പകരം പരസ്പരം റൺ ഔട്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ടീം മോശമായിരിക്കുമ്പോൾ എങ്ങനെയാണ് റൺ നേടാൻ സാധിക്കുക. അവര് എന്ത് ജോലിയാണ് ജനങ്ങൾക്ക് വേണ്ടി ചെയ്യുക? നിങ്ങൾ എത്രത്തോളം കോൺഗ്രസിൽ നിന്ന് അകന്നു നിൽക്കുന്നുവോ അത്രത്തോളം രാജസ്ഥാനെ രക്ഷിക്കുകയാണ്, നിങ്ങളുടെ ഭാവി ഉറപ്പാക്കുകയാണ്', മോദി പറഞ്ഞു.

'ജനങ്ങൾ ബി ജെ പിയെ തിരഞ്ഞെടുത്താൽ രാജസ്ഥാനിലെ അഴിമതിക്കാരായ ആളുകളെ ഞങ്ങൾ പുറത്താക്കും. ബിജെപി അതിവേഗം വികസനം നടപ്പാക്കും, വിജയം രാജസ്ഥാനായിരിക്കും, രാജസ്ഥാന്റെ ഭാവിക്കായിരിക്കും, ഇവിടുത്തെ അമ്മമാർ, സഹോദരിമാർ, യുവാക്കൾ, കർഷകർ എന്നിവർക്കായിരിക്കും. കോൺഗ്രസും വികസനവും ശത്രുക്കളാണ്, ശത്രുക്കളായി തന്നെ തുടരും. ', മോദി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് കളിച്ചത് യുവാക്കളുടെ ഭാവി കൊണ്ടാണ്. കോച്ചിംഗ് സെന്ററുകളിൽ റെയ്ഡുകൾ നടന്നിട്ടുണ്ട്, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത മന്ത്രിയുടെ ബന്ധുക്കൾ ഓഫീസർമാരായി, നിങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിച്ചില്ല. രാജസ്ഥാനിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ പേപ്പർ ചോർച്ചയെക്കുറിച്ച് അതിവേഗം അന്വേഷണം നടത്തും. എത്ര വലിയ വ്യക്തിയോ സ്വാധീനമുള്ളയാളോ ഉൾപ്പെട്ടാലും അയാളെ വെറുതെ വിടില്ല', മോദി പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദി അദാനിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിന് പകരം അദാനി കീ ജയ് എന്നാണ് മോദി വിളിക്കേണ്ടതെന്ന് രാഹുൽ വിമർശിച്ചു. എല്ലാ ജനങ്ങൾക്കും വേണ്ടിയണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നവംബർ 25 നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. 3 നാണ് വോട്ടെണ്ണൽ












Click it and Unblock the Notifications