ഗെലോട്ടും പൈലറ്റും വീണ്ടും മത്സരിക്കും; രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
ജയ്പൂര്‍: രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ നാല് പേര്‍ക്ക് ആദ്യ പട്ടികയില്‍ ടിക്കറ്റ് ലഭിച്ചു.
അശോക് ഗെലോട്ട് സര്‍ദാര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്നും മത്സരിപ്പിക്കും. നിയമസഭാ സ്പീക്കര്‍ സി പി ജോഷിയെ നാഥ്ദ്വാരയില്‍ നിന്നും ആര്‍ പി സി സി തലവന്‍ ഗോവിന്ദ് സിംഗ് ദോട്ട്‌സാരയ്ക്ക് ലക്ഷ്മണ്‍ഗഡില്‍ നിന്നും ടിക്കറ്റ് ലഭിച്ചു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ദിവസം ദൗസ ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിംഗ് എം എല്‍ എമാരേയും പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

വെള്ളിയാഴ്ച ദൗസയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗസ ജില്ലയിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എമാരായ പര്‍സാദി ലാല്‍ മീണ, മംമ്ത ഭൂപേഷ്, മുരാരി ലാല്‍ മീണ, ജിആര്‍ ഖതാന എന്നിവരെ പിന്തുണക്കണമെന്നും അവര്‍ക്ക് വോട്ട് ചെയ്യണം എന്നുമായിരുന്നു ഗെലോട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം എല്‍ എ ഓംപ്രകാശ് ഹഡ്ലയ്ക്ക് വേണ്ടിയും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതോടെ ഓംപ്രകാശ് ഹഡ്ല ഉള്‍പ്പെടെ ഉള്ള സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദൗസയില്‍ ആകെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസിന്റെ കൈയിലാണ്.
നവംബര്‍ 25 ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. കോണ്‍ഗ്രസിന് 107 എം എല്‍ എമാരാണുള്ളത്. ഒരു എം എല്‍ എയുള്ള ആര്‍ എല്‍ ഡിയും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. മുഖ്യ പ്രതിപക്ഷമായ ബി ജെ പിക്ക് 70 എം എല്‍ എമാരുണ്ട്. ആര്‍ എല്‍ പിക്ക് മൂന്നും ബി ടി പിക്കും സി പി എമ്മിനും രണ്ട് എം എല്‍ എമാര്‍ വീതവും ഉണ്ട്.












Click it and Unblock the Notifications