'എംഎൽഎമാരെ പാർപ്പിക്കാൻ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തു,കുതിരക്കച്ചവടത്തിനും നീക്കം';ബിജെപി
ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ എം എൽ എമാരെ താമസിപ്പിക്കാനായി കോൺഗ്രസ് റിസോർട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി ബി ജെ പി. കോൺഗ്രസ് ഭരിക്കുന്ന ബാംഗ്ലൂരിലാണ് റിസോർട്ടുകൾ ബുക്ക് ചെയ്തിരിക്കുന്നതെന്നും രണ്ട് റിസോർട്ടുകൾ ഇത്തരത്തിൽ ബുക്ക് ചെയ്തിട്ടുണ്ടെന്നും ബി ജെ പി എം പി കിരോദി ലാൽ മീണ പറഞ്ഞു. കോൺഗ്രസ് 'കുതിരക്കച്ചവടം' നടത്തുന്ന പാർട്ടിയാണെന്നും ഇക്കുറിയും സമാനരീതിയിലുള്ള നീക്കത്തിന് പാർട്ടി ശ്രമിക്കുന്നുണ്ടെന്നും മീണ ആരോപിച്ചു.
'ബെംഗളുരുവിൽ എം എൽ എമാരെ പാർപ്പിക്കാൻ കോൺഗ്രസ് രണ്ട് റിസോർട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരം ഞാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കുതിരക്കച്ചവടം നടത്തുന്നത് അവരുടെ ശീലമാണ്', മിണ ആരോപിച്ചു. എക്സിറ്റ് പോൾ ഫലങ്ങളേയും മീണ തള്ളി. ചിലർ മികച്ച ഭൂരിപക്ഷം പ്രവചിക്കുമ്പോൾ മറ്റ് ചിലർ നേരിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. രാജസ്ഥാന്റെ കിഴക്കൻ മേഖലകളിലെ 28 ൽ 22 മണ്ഡലങ്ങളിൽ ഞാൻ സന്ദർശിച്ചിരുന്നു. ഇവിടെയെല്ലാം ബി ജെ പിക്ക് അനുകൂലമായ വികാരമാണ് കാണാനായത്.

സംസ്ഥാനത്ത് ബി ജെ പി അനുകൂലമായ അടിയൊഴുക്കാണ് ഉള്ളത്. മണ്ഡലങ്ങളിൽ നിന്നുള്ള പ്രതികരണത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചത് 120 സീറ്റുകളുമായി ബി ജെ പി അധികാരത്തിലേറുമെന്നാണ്, അത് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും. കിഴക്കൻ മേഖലയിലെ 28 ൽ 1 സീറ്റിൽ മാത്രമാണ് കഴിഞ്ഞ തവണ ബി ജെ പി ജയിച്ചത്. എന്നാൽ ഇത്തവണ കുറഞ്ഞത് 20 മണ്ഡലങ്ങളിലെങ്കിലും വിജയിക്കും', മീണ പറഞ്ഞു
'രാജസ്ഥാന്റെ ചിത്രം തന്നെ മാറാൻ പോകുകയാണ്. സർക്കാരിൽ യുവാക്കൾ അതൃപ്തരാണ്. എല്ലാ മണ്ഡലങ്ങളിലും എം എൽ എമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധതയും ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തവണ ബി ജെ പി അധികാരത്തിലേറും', മീണ കൂട്ടിച്ചേർത്തു.
നാളെയാണ് രാജസ്ഥാനിൽ വോട്ടെണ്ണൽ. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വിജയം പ്രവചിക്കുമ്പോഴും നേരിയ ഭൂരിപക്ഷത്തിൽ മാത്രമായിരിക്കും വിജയം എന്നാണ് പ്രവചനങ്ങ
ളിൽ ഏറെയും. 200 അംഗ നിയമസഭയിൽ 101 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 2018 ൽ 100 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് അധികാരം പിടിച്ചത്. ഇത്തവണയും സംസ്ഥാനത്ത് അധികാരത്തുടർച്ച നേടുമെന്നാണ് കോൺഗ്രസിൻറെ അവകാശവാദം.












Click it and Unblock the Notifications