രാജസ്ഥാന്‍ ഫലം: ചരിത്രം ആവർത്തിക്കുന്നു? കോണ്‍ഗ്രസിന് കണ്ണീർ, തമ്മിലടിച്ച് ഭരണം കളഞ്ഞോ?
നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആദ്യ ഫല സൂചനകളില്‍ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസിന് മുന്‍ തൂക്കം ലഭിച്ചെങ്കിലും പിന്നീട് ബി ജെ പി ലീഡ് പിടിക്കുകയായിരുന്നു. വീണ്ടും ഫലങ്ങള്‍ മാറി മറിഞ്ഞു. ഇടക്ക് കോണ്‍ഗ്രസ് മുന്നില്‍ കയറിയെങ്കിലും വീണ്ടും ബി ജെ പി.
നിലവിലെ സൂചനകള്‍ പ്രകാരം രാജസ്ഥാനില്‍ ബി ജെ പി 105 സീറ്റിലും കോണ്‍ഗ്രസ് 83 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നില്‍. സ്വതന്ത്രർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർ മൂന്ന് സീറ്റുകളില്‍ മുന്നിലുണ്ട്. വോട്ടെണ്ണല്‍ പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ സർവ്വേകളില്‍ രാജസ്ഥാനില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റമായിരുന്നു സർവ്വേകള്‍ അവകാശപ്പെട്ടിരുന്നത്. അഞ്ച് വർഷം മാറുമ്പോള്‍ ഭരണം മാറുമെന്ന ചരിത്രം സംസ്ഥാനം ആവർത്തിക്കാന്‍ പോകുകയാണെന്ന് ഏറെക്കുറെ ആളുകള്‍ ഉറപ്പിച്ചു.

ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വേ മാത്രമായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നത്. ആകെ 200 സീറ്റുകളുള്ള സംസ്ഥാനത്ത് 199 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 199 സീറ്റില്‍ 100 സീറ്റുകളാണ് അധികാരം പിടിക്കാന്‍ വേണ്ടത്. ഇതില്‍ 86 മുതല്‍ 100 സീറ്റുകളില്‍ വരെ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ കഴിഞ്ഞ ദിവസം പ്രവചിച്ചത്.
അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് 80 മുതല്‍ 100 വരെ സീറ്റുകളായിരിക്കും ലഭിക്കുക. സ്വതന്ത്രർ ഉള്‍പ്പെടേയുള്ള മറ്റുള്ളവർ 9 മുതല്‍ 18 വരെ സീറ്റുകള്‍ നേടിയേക്കാം. സർവ്വേകളില്‍ ഏറെക്കുറെ കൃത്യത പുലർത്തുന്ന ഏജന്‍സിയാണ് ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ എന്നതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്. അതോടൊപ്പം തന്നെ സ്വതന്ത്രരില്‍ വലിയൊരു വിഭാഗത്തെ ഒപ്പം നിർത്താനുള്ള കഴിവും ഗെലോട്ടിനുണ്ട്. എന്നാല്‍ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് പ്രധാന തിരിച്ചടി.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ബിഎസ്പിയുടെ ആറ് അംഗങ്ങളെ പാർട്ടിയിലേക്ക് ചേർത്തതോടെ കോണ്‍ഗ്രസ് അംഗബലം 107 ലേക്ക് ഉയർന്നത്. ആർ എല്‍ ഡിയുടെ ഒരു അംഗവും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതോടെ 121 പേരുടെ പിന്തുണയായിരുന്നു അശോക് ഗെലോട്ട് സർക്കാറിനുണ്ടായിരുന്നത്. സംസ്ഥാനത്ത് സി പി എമ്മിന് കഴിഞ്ഞ തവണ രണ്ട് പേരെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു.












Click it and Unblock the Notifications