ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ!
ദില്ലി: കൊവിഡ് കാലത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസ്. പാര്‍ട്ടി വിപ്പ് ലംഘിച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുളള കോണ്‍ഗ്രസ് നീക്കത്തെ പൈലറ്റ് ക്യാംപ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.
സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഹൈക്കോടതിയെ ആണ് സമീപിച്ചത്. കേസില്‍ കോടതി വിധി പറയാനിരിക്കുന്നതേ ഉളളൂ. അതേസമയം പൈലറ്റിനെ പൂട്ടാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

നേതൃമാറ്റമെന്ന വാശി
രാജസ്ഥാന്‍ സര്‍ക്കാരില്‍ നേതൃമാറ്റം അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്ന കടുത്ത നിലപാട് സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും തുടരുകയാണ്. സച്ചിന്‍ പൈലറ്റ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നതിനെ അശോക് ഗെഹ്ലോട്ട് നഖശിഖാന്തം എതിര്‍ക്കുന്നു. എല്ലാ പരിധിയും ലംഘിച്ച് പൈലറ്റിനെതിരെ വ്യക്തിപരമായ ആക്ഷേപത്തിലേക്ക് പോലും ഗെഹ്ലോട്ട് കടന്നിരിക്കുകയാണ്.

ഒരു വശത്ത് അനുനയം
സംസ്ഥാന നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുമ്പോഴും പ്രിയങ്ക ഗാന്ധി അടക്കമുളള കേന്ദ്ര നേതാക്കള്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗെഹ്ലോട്ടുമായുളള പ്രശ്‌നപരിഹാരത്തിനുളള സാധ്യതകള്‍ അടഞ്ഞ സാഹചര്യത്തില്‍ പൈലറ്റിന് എഐസിസി ജനറല്‍ സെക്രട്ടറി പദവി നല്‍കി ദില്ലിയിലേക്ക് കൊണ്ട് പോകാനുളള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നു.

സുപ്രീം കോടതിയിൽ
അതിനിടെയാണ് സച്ചിന്‍ പൈലറ്റ് ക്യാംപിനെ പൂട്ടാന്‍ സുപ്രീം കോടതിയിലേക്ക് പോകാനുളള തീരുമാനം. ഹൈക്കോടിയെ ഈ കേസ് കേൾക്കുന്നതിൽ നിന്നും തടയുക എന്നതാണ് ആവശ്യം. രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സിപി ജോഷി ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് സിപി ജോഷി വ്യക്തമാക്കി.

പാര്‍ട്ടി വിരുദ്ധ നീക്കം
കഴിഞ്ഞ ആഴ്ചയാണ് സച്ചിന്‍ പൈലറ്റ് അടക്കമുളള 19 എംഎല്‍എമാര്‍ക്ക് സ്്പീക്കര്‍ സിപി ജോഷി അയോഗ്യതാ നോട്ടീസ് അയച്ചത്. പാര്‍ട്ടി വിരുദ്ധ നീക്കം നടത്തി എന്നാരോപിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ ഈ നോട്ടീസിനെ ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു.

വിധി നിർണായകം
ജൂലൈ 24 വെള്ളിയാഴ്ച വരെ അയോഗ്യത കല്‍പ്പിക്കുക അടക്കമുളള ഒരു നീക്കവും വിമത എംഎല്‍എമാര്‍ക്കെതിരെ പാടില്ല എന്നാണ് ഹൈക്കോടതി സ്പീക്കറോട് നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയും. ഹൈക്കോടതി വിധി ഗെഹ്ലോട്ട് പക്ഷത്തിനും പൈലറ്റ് ക്യാംപിനും ഒരു പോലെ നിർണായകമാണ്.

സ്പീക്കറുടെ അധികാര പരിധി
ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്പീക്കറുടെ അധികാര പരിധിയില്‍ ഹൈക്കോടതി ഇടപെട്ടു എന്നാണ് ആരോപിക്കുന്നത്. മാത്രമല്ല വിധി പറയാന്‍ ഹൈക്കോടതി വരുത്തുന്ന കാലതാമസത്തേയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണ് നീക്കം. കൂറുമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്പീക്കറുടേത് മാത്രമാണ് എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുളളതാണെന്ന് സിപി ജോഷി പറയുന്നു.
Recommended Video

ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം
എംഎല്‍എമാര്‍ക്ക് നോട്ടീസ് അയക്കാനുളള പൂര്‍ണ അധികാരം സ്പീക്കര്‍ക്ക് ഉണ്ടെന്നും സിപി ജോഷി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ തീരുമാനത്തിന് ശേഷം മാത്രമേ അത് കോടതിക്ക് പരിശോധിക്കാനുളള അധികാരമുളളൂ. സ്പീക്കറുടെ നോട്ടീസിനെതിരെ വിമതര്‍ കോടതിയെ സമീപിച്ചത് അപകടകരമായ ഒരു കീഴ്വഴക്കം ആണെന്നും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ആണെന്നും സ്പീക്കര്‍ ആരോപിച്ചു.

പാർട്ടി വിപ്പ് ലംഘിച്ചു
ചൊവ്വാഴ്ചയാണ് വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചത്. കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനുളള വിപ്പ് ലംഘിച്ചതോടെയാണ് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസ് അയച്ചത്. രണ്ട് തവണ യോഗം വിളിച്ചപ്പോഴും വിമതർ പങ്കെടുത്തിരുന്നില്ല.

കോൺഗ്രസ് വിട്ട് പോകില്ല
എന്നാല്‍ നിയമസഭാ സമ്മേളനം ചേരാതെയുളള വിപ്പ് നിലനില്‍ക്കുന്നതല്ല എന്നാണ് വിമതര്‍ കോടതിയില്‍ വാദിച്ചത്. മാത്രമല്ല തങ്ങള്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാനുളള പദ്ധതി ഇല്ലെന്നും രാജസ്ഥാനില്‍ നേതൃമാറ്റം വേണം എന്നതാണ് ആവശ്യം എന്നും വിമതര്‍ കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നിന്നും വിഷയം സുപ്രീം കോടതിയിലേക്ക് എത്തുമ്പോള്‍ രാജസ്ഥാനില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

അയോഗ്യരാക്കൽ ആവശ്യം
കപില്‍ സിബല്‍ ആണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. 19 വിമതരെ അയോഗ്യരാക്കുക എന്നത് ഗെഹ്ലോട്ട് സര്‍ക്കാരിന് അട്ടിമറി ഭീഷണി ഒഴിവാക്കാന്‍ അത്യാവശ്യമാണ്. നിലവില്‍ 102 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. 19 പേര്‍ അയോഗ്യരാക്കപ്പെട്ടാല്‍ കേവല ഭൂരിപക്ഷം 101ല്‍ നിന്ന് കുറയും. ഇത് ഗെഹ്ലോട്ടിനാണ് ഗുണം ചെയ്യുക.












Click it and Unblock the Notifications