'ജയസാധ്യതയുള്ളവര്‍ക്ക് മാത്രം സീറ്റ്'; വിജയമന്ത്രമോതി അശോക് ഗെലോട്ട്, ഉന്നം പൈലറ്റ്?
ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ തന്ത്രമോതി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്. സംസ്ഥാനത്ത് വിജയിക്കാവുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കൂ എന്ന് അശോക് ഗെലോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ ക്ഷമ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അശോക് ഗെലോട്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളോടും നേതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. 'പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല എന്ന തീരുമാനമെടുത്താല്‍ നിങ്ങള്‍ക്ക് സങ്കടം തോന്നും.

എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ക്ഷമ പാലിച്ച് മുന്നോട്ട് പോകുന്ന ഒരാള്‍ക്ക് മാത്രമെ രാഷ്ട്രീയത്തില്‍ വിജയിക്കാനാകൂ', അശോക് ഗെലോട്ട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചാല്‍ അവര്‍ക്ക് അതത് മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞ് നേതാക്കള്‍ പോലും മടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്രയും മറ്റ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത സംസ്ഥാനത്തെ കോണ്‍ഗ്രസിന് തിരിച്ചടിയാണ്. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അശോക് ഗെലോട്ട് എന്നിവരുമായി സച്ചിന്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിലവില്‍ സച്ചിനെ അനുനയിപ്പിച്ചിട്ടുണ്ടെങ്കിലും ഭിന്നതക്ക് ശാശ്വത പരിഹാരമായിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ റോള്‍ സച്ചിന് നല്‍കാനുള്ള ശ്രമത്തിലാണ്. ദീര്‍ഘകാലമായി സച്ചിന്‍ അധികാര പദവികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉന്നത പദവികള്‍ നല്‍കി സച്ചിനെ തൃപ്തനാക്കാനാണ് നീക്കം.
2018 ല്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കി അധികാരം പിടിച്ചെടുത്തത് സച്ചിന്‍ പൈലറ്റായിരുന്നു. എന്നാല്‍ അശോക് ഗെലോട്ട് എം എല്‍ എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകുകയായിരുന്നു. അതിനാല്‍ ഇത്തവണ തനിക്കൊപ്പമുള്ള കൂടുതല്‍ പേര്‍ക്ക് സീറ്റ് വാങ്ങി കൊടുക്കാനാണ് സച്ചിന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications