വസുന്ധരയും മോദിയും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട്?
ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുദ്ധര രാജെ സിന്ധ്യയും മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദിയും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട് നടത്തി എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള നിയാന്ത് പ്രൈവറ്റ് ലിമിറ്റഡ് വസുന്ധര രാജെ സിന്ധ്യെയും മകനും മരുമകളും ലളിത് മോദിയും ചേര്‍ന്ന് സ്വകാര്യവത്കരിച്ച് സ്വന്തമാക്കിയതായും ആരോപണമുണ്ട്.

നിയാന്ത് പ്രൈവറ്റ് ലിമിറ്റഡില്‍ സിന്ധ്യെയും മകന്‍ ദുഷ്യന്ത് സിംഗും മരുമകള്‍ നിഹാരിക സിംഗും ലളിത് മോദിയും ചേര്‍ന്ന് 100 കോടി രൂപ നിക്ഷേപിച്ച് സ്റ്റാര്‍ ഹോട്ടലാക്കി മാറ്റി എന്നാണ് ആരോപണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഒരു പത്രസമ്മേളനത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ദോള്‍ഫര്‍ രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല നിയാന്ത് ഹെറിറ്റേജ് പ്രവര്‍ത്തിക്കുന്ന ദോല്‍ഫര്‍ പാലസ് എന്നും സര്‍ക്കാര്‍ രേഖകള്‍ കാട്ടി ജയറാം രമേശ് പറഞ്ഞു.

ലളിത് മോദി വിവാദത്തില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും രാജസ്ഥാന്‍ വസുദ്ധര രാജെ സിന്ധ്യയ്ക്കും എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ലളിത് മോദി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതായും ജയറാം രമേശ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ഗുലാം നബി ആസാദ് തുടങ്ങിയവരും മോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടിയുടെ വനിതാ നേതാക്കളെ കോണ്‍ഗ്രസ് ആക്രമിക്കുകയാണ് എന്നാണ് ബി ജെ പി പറയുന്നത്. ബി ജെ പിയുടെ വനിതാ നേതാക്കള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് ബി ജെ പി ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications