ചൈനയില്‍ നിന്ന് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വന്നില്ല.. യുഎസ്സിലേക്ക് കടത്തി, തമിഴ്‌നാട്ടില്‍ ആരോപണം!!
ചെന്നൈ: ചൈനയില്‍ നിന്ന് വരേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന ഈ ഷിപ്പ്‌മെന്റ് അമേരിക്കിയിലേക്ക് കൊണ്ടുപോയെന്ന് ഷണ്‍മുഖം തുറന്നടിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമങ്ങളെ കാണാന്‍ ഷണ്‍മുഖം തീരുമാനിച്ചത്. നേരത്തെ തന്നെ ചൈന വിവിധ രാജ്യങ്ങളിലേക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇതിന് പുറമേയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്താതെ അമേരിക്കയിലേക്ക് പോയത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഒരുലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓര്‍ഡറും നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനും മുമ്പായിരുന്നു ഇതെന്ന് ഷണ്‍മുഖം പറഞ്ഞു. എന്നാല്‍ ഇവ ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇത് ഇന്ത്യയിലെത്തിയാല്‍ സംസ്ഥാനത്ത് അധികം വൈകാതെ തന്നെ എത്തും. നേരത്തെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 50000 കിറ്റുകള്‍ കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ ധാരാളം ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ളത് കൊണ്ട് ക്വാറന്റൈന്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ കൂടുതല്‍ കിറ്റുകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഷണ്‍മുഖം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ രണ്ട് ലക്ഷം കിറ്റുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു. മൊത്തം നാല് ലക്ഷം കിറ്റുകള്‍ക്കാണ് തമിഴ്‌നാട് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്ന് ഷണ്‍മുഖം പറഞ്ഞു. ചൈനയില്‍ മാത്രമാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉള്ളത്. എന്നാല്‍ ഒരു ഷിപ്പ്‌മെന്റ് അമേരിക്കയിലേക്കാണ് പോയത്. ആദ്യം ഓര്‍ഡര്‍ നല്‍കിയത് തമിഴ്‌നാടാണ്. ആദ്യ ഘട്ടത്തില്‍ 50000 കിറ്റുകളെങ്കിലും നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. അടുത്ത തവണ ഒരുലക്ഷം കിറ്റുകളെങ്കിലും അവര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഷണ്‍മുഖം പറഞ്ഞു. അതേസമയം ജര്‍മനിയും ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ യുഎസ് തട്ടിയെടുക്കുന്നതായി നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ഇന്ത്യയിലേക്കുള്ള ഷിപ്പ്‌മെന്റ് യുഎസ് ഹൈജാക്ക് ചെയ്തതാണോ എന്ന് വ്യക്തമല്ല. തമിഴ്‌നാട് സര്‍ക്കാര്‍ ഏത് വില്‍പ്പനക്കാരില്‍ നിന്നാണ് കിറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമല്ല. ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കൃത്യതയില്‍ ലോകരാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള റാപ്പിഡ് കിറ്റുകള്‍ നേരത്തെ സ്‌പെയിന്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇതില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. അതേസമയം തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടുക. 58 പുതിയ കേസുകളും ഒരു മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications