റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവച്ചു; വിരമിക്കാന്‍ മാസങ്ങള്‍ ശേഷിക്കെ കടുത്ത തീരുമാനം
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍ രാജിവച്ചു. സര്‍വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയില്‍ വിശ്വനാഥന്റെ രാജി ആര്‍ബിഐക്ക് ക്ഷീണമാണ്.

നാല് ദശാബ്ദമായി ഔദ്യോഗിക ജീവിതം നയിക്കുന്ന വിശ്വനാഥന്‍ ഈ മാസം 31ന് പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിശ്വനാഥനോട് നിര്‍ദേശിച്ചിരുന്നുവത്രെ. എന്നാല്‍ ആര്‍ബിഐ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
1981ലാണ് വിശ്വനാഥന്‍ സര്‍വീസ് ജീവിതം ആരംഭിച്ചത്. ബാങ്കിങ് മേഖലയുടെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിന്റെ ആര്‍ബിഐയിലെ പ്രധാന ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായ ശേഷം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി. ഇതുപ്രകാരം ഈവര്‍ഷം ജൂണിലാണ് വിരമിക്കേണ്ടത്.
ബാങ്കിങ് നിയമങ്ങള്‍, കോ ഓപറേറ്റീവ് ബാങ്കിങ്, നോണ്‍ ബാങ്കിങ് റഗുലേഷന്‍, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ കാര്യങ്ങളാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്ന നിലയില്‍ വിശ്വനാഥന്‍ കേന്ദ്രീകരിച്ചിരുന്ന മേഖല. നേരത്തെ രാജിവച്ച ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പിന്തുണച്ചിരുന്ന വ്യക്തി കൂടിയാണ് വിശ്വനാഥന്‍. 2018 ഡിസംബറിലാണ് പട്ടേല്‍ രാജിവച്ചത്. 2019 ജൂണില്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരാല്‍ ആചാര്യയും രാജിവച്ചിരുന്നു. ആര്‍ബിഐക്ക് നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണുള്ളത്.












Click it and Unblock the Notifications