'വെറും ഏഴ് വര്‍ഷത്തെ ആയുസ്, 2000 രൂപ നോട്ടുകള്‍ പടിയിറങ്ങുന്നു'; എന്തുകൊണ്ട് പിന്‍വലിച്ചു?
ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ''ക്ലീന്‍ നോട്ട് പോളിസി'' യുടെ ഭാഗമായി 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. 2016 നവംബര്‍ മാസത്തിൽ ആണ് 2000 രൂപ നോട്ടുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമായത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സമ്പദ് വ്യവസ്ഥയുടെ കറന്‍സി അവശ്യകത പരിഗണിച്ചാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.
എന്നാല്‍ മറ്റ് മൂല്യമുള്ള നോട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍, 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു, ഇതേ തുടര്‍ന്ന് 2018-19ല്‍ അവയുടെ അച്ചടി നിര്‍ത്തലാക്കിയതായി ആര്‍ ബി ഐ പറയുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനലും 2017 മാര്‍ച്ചിന് മുമ്പ് പ്രിന്റ് ചെയ്തതാണ്.

പ്രചാരത്തിലുള്ള ഈ ബാങ്ക് നോട്ടുകളുടെ ആകെ മൂല്യം, 2018 മാര്‍ച്ച് 31-ന് ഏറ്റവും കൂടിയ 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു, മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8% മാത്രമാണ്. 2000 രൂപ നോട്ടുകള്‍ ഇറക്കിയതിന്റെ ഉദ്ദേശ്യം മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമായതോടെ പൂര്‍ണമായെന്നാണ് ആര്‍ ബി ഐ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
2000 രൂപയുടെ കറന്‍സി നോട്ട് സെപ്റ്റംബര്‍ 30ന് ശേഷവും നിയമപരമായി നിലനില്‍ക്കും. ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ 4 മാസത്തെ സമയം മതിയെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും സെപ്തംബര്‍ 30-നുള്ള നിശ്ചിത സമയപരിധിക്കുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്ഥിരമായി നടക്കുന്ന നടപടി ക്രമങ്ങളാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കി.
വ്യക്തികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയില്‍ മറ്റ് വിഭാഗങ്ങളുടെ ബാങ്ക് നോട്ടുകള്‍ക്കായി മാറ്റി വാങ്ങാം. നിയന്ത്രണങ്ങള്‍ കൂടാതെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ബാധകമായ നിയമപരമായ വ്യവസ്ഥകള്‍ക്കും വിധേയമായി നിക്ഷേപങ്ങള്‍ നടത്താവുന്നതാണെന്നും ആര്‍ ബി ഐ അറിയിച്ചു.
നിക്ഷേപത്തിന് പരിധിയില്ല. എന്നാല്‍ ഒരു ദിവസം 20000 രൂപ മാത്രമാണ് മാറ്റിവാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇഷ്യൂ ഡിപ്പാര്‍ട്ട്മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജിയണല്‍ ഓഫീസുകളിലും വ്യക്തികള്‍ക്ക് എക്സ്ചേഞ്ച് സൗകര്യം പ്രയോജനപ്പെടുത്താം. അതേസമയം, 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ കാര്യമായി വിപണിയില്‍ ഇല്ലെന്നാണ് ആര്‍ ബി ഐയുടെ വിലയിരുത്തല്‍. 2013-14 കാലഘട്ടത്തിലും ആര്‍ ബി ഐ സമാനമായ രീതിയില്‍ നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications