തിപ്രയുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയ്യാർ; ത്രിപുരയിൽ നിലപാട് വ്യക്തമാക്കി സിപിഎം
60 സീറ്റുകളിൽ 47 ഇടത്താണ് സി പി എം മത്സരിക്കുന്നത്. കോൺഗ്രസ് 13 സീറ്റുകളിലും

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിപ്ര മോത്തയുമായി സഖ്യത്തിലെത്താൻ താത്പര്യം അറിയിച്ച് സി പി എം. ആവശ്യമെങ്കിൽ സഖ്യമാകുന്നതിൽ സി പി എമ്മിന് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. സംസ്ഥാനത്തിനും രാജ്യത്തിനും ആവശ്യമായ എന്തും തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ സംഭവിക്കാം. പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ ജിതേന്ദ്ര ചൗധരി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ്- സി പി എം സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നും ജിതേന്ദ്ര അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ഞങ്ങൾക്ക് വ്യക്തമായത് കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നതിൽ ഇടതു-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നാണ്.ബി ജെ പി- ഐ പി എഫ ടി സഖ്യം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും', ജിതേന്ദ്ര പറഞ്ഞു. തിപ്രയെ തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറായില്ല
പ്രദ്യോത് ജേബ് ബർമ്മനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സഖ്യത്തിന്റെ ഭാഗമാകാൻ അദ്ദേഹം തയ്യാറായില്ല, എന്നിരുന്നാലും അദ്ദേഹം പരോക്ഷമായി ബി ജെ പിക്ക് വ്യക്തമായ സന്ദേശമാണ് നൽകിയത്. തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ആവശ്യമെങ്കിൽ തിപ്ര മോത്തയുമായി സഖ്യത്തിന് ഞങ്ങൾ തയ്യാറാണ്. 20 ആദിവാസി സംവരണ സീറ്റുകളിൽ തിപ്ര മോത്തയ്ക്ക് സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസുമായി കൈകോർക്കാൻ സി പി എം തയ്യാറായതെന്നും ചൗധരി പറഞ്ഞു.

ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാനാകുമോയെന്നതാണ്
ഇവിടെ ജനാധിപത്യം നിലനിൽക്കുമോ, അഞ്ച് വർഷമായി കാണാത്ത ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കാനാകുമോയെന്നതാണ് പ്രധാന ചർച്ച വിഷയം. ജനാധിപത്യവും ഭരണഘടനയും ഇല്ലെങ്കിൽ പ്രത്യയശാസ്ത്രവും സംഘടനാ പരിപാടികളുമെല്ലാം എങ്ങനെയാണ് നടക്കുകയെന്നും ചൗധരി ചോദിച്ചു. അതേസമയം ഇരട്ട എൻജിൻ വികസനം വാഗ്‌ദാനംചെയ്‌ത ബിജെപിയുടെ ഭരണം ത്രിപുരയിൽ ഇരട്ട ശോഷണമാണ് ഉണ്ടാക്കിയതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വക ശോഷണം.
ഇതിനുപുറമെ ത്രിപുരയിൽ ജനാധിപത്യവും നിയമവാഴ്‌ചയും ഇല്ലാതാക്കുകയും ചെയ്തു. അസാധാരണ സ്ഥിതിവിശേഷമാണ് അവിടെ. 2018ൽ ബിജെപി ജയിച്ചശേഷം നിയമസംവിധാനം ഇല്ലാതായി. കൂടുതൽ ആപത്തിൽനിന്ന് രക്ഷിക്കാനാണ് ഇടതുമുന്നണി ത്രിപുരയിൽ സീറ്റ് ധാരണയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

60 സീറ്റുകളിൽ 47 ഇടത്താണ്
60 സീറ്റുകളിൽ 47 ഇടത്താണ് സി പി എം സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ 43 പേർ സി പി എം അംഗങ്ങളും 3 പേർ പേർ, സി പി ഐ, ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) അംഗങ്ങളുമാണ്. സ്വതന്ത്രനായി മത്സരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനായ അഭിഭാഷകനേയും സഖ്യം പിന്തുണയ്ക്കുന്നത്. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുന്നത്.
അതേസമയം തിപ്ര മോത്ത 42 സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ 26 സീറ്റുകളിൽ തങ്ങൾ വിജയിക്കുമെന്നാണ് തിപ്രയുടെ അവകാശവാദം.

ബി ജെ പി 55 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്
മറുവശത്ത്, ബി ജെ പി 55 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐ പി എഫ് ടി) അഞ്ച് എസ്ടി സംവരണ സീറ്റുകളാണ് നൽകിയത്. ഒരു സീറ്റിൽ ഇരുവരും സൗഹൃദ മത്സരമായിരിക്കും നടക്കുക.












Click it and Unblock the Notifications