'ഇത്തരം ആയിരം ജോലികള്‍ പോയാലും ഒരു ചുക്കുമില്ല'; കങ്കണയെ അടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ
ചണ്ഡീഗഢ്: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയതിന്റെ പേരില്‍ ജോലി നഷ്ടമായതില്‍ പ്രതികരണവുമായി സി ഐ എസ് എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. തന്റെ അമ്മയുടെ അഭിമാനത്തിനായി ഇത്തരം ആയിരം ജോലികള്‍ നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറാണ് എന്ന് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു കുല്‍വീന്ദര്‍ കൗറിന്റെ പ്രതികരണം.
സംഭവത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ മാണ്ഡി സീറ്റില്‍ വിജയിച്ച കങ്കണ റണാവത്തിനെ കുല്‍വീന്ദര്‍ കൗര്‍ അടിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തെ ഇകഴ്ത്തിയതിനും കര്‍ഷകരെ തീവ്രവാദിയെന്ന് വിളിച്ചതിലും പ്രതിഷേധിച്ചായിരുന്നു തന്റെ പ്രവൃത്തിയെന്ന് പിന്നീട് കുല്‍വീന്ദര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ കുല്‍വീന്ദറിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സി ഐ എസ് എഫ് കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തത്. മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 ല്‍ കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട സമരം നടത്തിയിരുന്നു. രാജ്യവ്യാപക ശ്രദ്ധ നേടിയ സമരമായിരുന്നു ഇത്.
എന്നാല്‍ 100 രൂപക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്തത് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഇതാണ് കുല്‍വീന്ദറിനെ പ്രകോപിപ്പിച്ചത്. 100 രൂപക്ക് വേണ്ടി കങ്കണ ഇങ്ങനെ പോയി ഇരിക്കുമോ എന്നും അവര്‍ അങ്ങനെ പറയുമ്പോള്‍ തന്റെ അമ്മയും ആ പ്രതിഷേധ സമരത്തില്‍ ഭാഗമായിരുന്നു എന്നും കുല്‍വീന്ദര്‍ പറഞ്ഞു.
ഒരു ചെക്ക്-ഇന്‍ കൗണ്ടറിലേക്ക് കങ്കണക്ക് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നതും അവിടെയെത്തിയപ്പോള്‍ കുല്‍വീന്ദര്‍ കൗറുമായി തര്‍ക്കം ഉടലെടുക്കുന്നതും വൈറലായ മൊബൈല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തല്ലുന്നത് വീഡിയോയില്‍ കാണിക്കുന്നില്ല. അതേസമയം പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ചുവരുന്നു എന്നതിന്റെ സൂചനയാണിത് എന്നാണ് കങ്കണയുടെ പ്രതികരണം.
'സെക്യൂരിറ്റി ചെക്ക്-ഇന്‍ സമയത്താണ് സംഭവം നടന്നത്. വനിതാ ഗാര്‍ഡ് ഞാന്‍ കടന്നുപോകുന്നതുവരെ കാത്തുനിന്നു. അവള്‍ വന്ന് എന്നെ അടിച്ചു. എന്തൊക്കയോ എറിയാന്‍ തുടങ്ങി. എന്തിനാണ് എന്നെ അടിച്ചതെന്ന് ഞാന്‍ ചോദിച്ചു. അവള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു എന്നാണ് പറഞ്ഞത്. 'ഞാന്‍ സുരക്ഷിതയാണ്. പക്ഷേ, പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുന്നു എന്നതാണ് എന്റെ ആശങ്ക,' കങ്കണ പറഞ്ഞു.
അതിനിടെ കുല്‍വീന്ദറിന് സഹായം വാഗ്ദാനം ചെയ്ത് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദദ്ലാനി രംഗത്തെത്തി. കുല്‍വീന്ദറിന് കൗറിന് ജോലി ഉറപ്പാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് വിശാല്‍ പറഞ്ഞു. 'ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ ഈ ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു,' അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു ജോലി താന്‍ ഉറപ്പാക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications