ഐഎംഎ ജ്വല്ലറി തട്ടിപ്പ്; കീഴടങ്ങാമെന്ന് ഉടമ മന്‍സൂര്‍ ഖാന്‍, കൊല്ലപ്പെടാന്‍ സാധ്യത
ബെംഗളൂരു: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ ഐഎംഎ ജ്വല്ലറി ഉടമ മന്‍സൂര്‍ ഖാന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചു. കഴിഞ്ഞദിവസം പുറത്തുവിട്ട പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പോലീസിന് മുമ്പാകെ കീഴടങ്ങാമെന്ന് അറിയിച്ചത്. ഇയാള്‍ വിദേശത്താണെന്നാണ് കരുതുന്നത്. ബെംഗളൂരുവില്‍ തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഖാന്‍ പറഞ്ഞു.

ജെഡിഎസ് എംഎല്‍സി ശരവണ ഉള്‍പ്പെടെയുള്ളവരാണ് കമ്പനി തകരാന്‍ ഇടയാക്കിയതെന്നും ഖാന്‍ ആരോപിച്ചു. നിയമപരമായിട്ടാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കോടികള്‍ കൈക്കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി നേരിട്ടത്. കൂടുതല്‍ കാര്യങ്ങള്‍ കോടതിക്ക് മുമ്പാകെ പറയും. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. തന്റെ ശത്രുക്കള്‍ ശക്തരാണ്. അവര്‍ക്ക് തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
വായ്പ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഐഎഎസ് ഓഫീസര്‍ 10 കോടി രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വരൂപിക്കുന്നതിന് തടസം നേരിട്ടു. തനിക്ക് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കമ്പനിയിലെ ചിലരും വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഇതെല്ലാമാണ് കമ്പനി തകരാന്‍ കാരണമായതെന്നും ഖാന്‍ പറഞ്ഞു.
അതേസമയം, മന്‍സൂര്‍ ഖാനെതിരെ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് ഇറക്കിയിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. പ്രതി എവിടെയാണുള്ളതെന്ന് അറിയുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കേസെടുത്തിട്ടുണ്ട്. മന്‍സൂര്‍ ഖാനോട് നേരിട്ട്് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications