രാഹുൽ എത്തുന്ന ദിവസം ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്; ഞെട്ടിച്ച നീക്കത്തിന് ഡികെ
ബെംഗളൂരു; കർണാടകത്തിൽ സഖ്യസർക്കാർ താഴെ വീണതിന് പിന്നാലെ കനത്ത ക്ഷീണമായിരുന്നു പാർട്ടി നേരിട്ടത്. തൊട്ട് പിന്നാലെ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനായത് ആകെ ഒരു സീറ്റിലായിരുന്നു. ഇതോടെയാണ് പാർട്ടിയെ കൈപിടിച്ച് ഉയർത്തുകയെന്ന ലക്ഷ്യത്തെടെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാന്റ് നിയമിച്ചത്.
ഡികെ മാജിക്കിൽ പല മാറ്റങ്ങളും കോൺഗ്രസിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ പേർ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്.

പണി തുടങ്ങി ഡികെ
സംസ്ഥാനത്ത് പാർട്ടിയുടെ തലവര തന്നെ മാറ്റാൻ കെൽപ്പുള്ള നേതാവാണ് ഡികെ ശിവകുമാർ എന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് ഹൈക്കമാന്റ് നേരിട്ട് ഇടപെട്ട് ഡികെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചത്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തുകളാണ് ഡികെ ശിവകുമാർ നടത്തിയത്.

അധികാരം പിടിക്കാൻ
ഡികെയുടെ കീഴിൽ അടുത്ത തവണ സംസ്ഥാന അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷ പാർട്ടിയ്ക്കുണ്ട്. ഇതിന് ആക്കം കൂട്ടുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നിന്ന് വരുന്നത്. മുതിർന്ന ബിജെപി എംപിയുടെ മകനും ബിജെപി വിമത എംഎൽഎയുമായ നേതാവ് ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി എംപിയുടെ മകൻ
ചിക്കാബെല്ലാപൂർ എംപിയായ ബിഎൻ ബച്ചേഗൗഡയുടെ മകനും ഹോസ്കോട്ട് എംഎൽഎയുമായ ശരത് ബച്ചേഗൗഡ കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.സഖ്യസർക്കാരിന്റെ പതനത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്താണ് ശരത് ബച്ചേഗൗഡ ബിജെപി നേതൃത്വവുമായി ഇടഞ്ഞത്.

സീറ്റുകൾ നൽകിയത്
സഖ്യസർക്കാരിൽ നിന്നും രാജിവെച്ച് പാർട്ടിയിൽ ചേർന്ന നേതാക്കൾക്കായിരുന്നു ബിജെപി ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകിയത്. ഇതിനെതിരെ പാർട്ടിയിലെ പല മുതിർന്ന നേതാക്കളും എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ ഭരണം ലഭിച്ചേക്കില്ലെന്ന ഭീതിയിൽ വിമതരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് ശരതും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

വഴങ്ങാതെ ബിജെപി
ഹോസ്കോട്ട് മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമായിരുന്നു ശരത് മുന്നോട്ട്വെച്ചത്. എന്നാൽ കോണ്‍ഗ്രസില്‍ നിന്ന് കുറുമാറി ബിജെപിയിലെത്തിയ എംടിബി നാഗരാജിനെ ബിജെപി മത്സരിപ്പിക്കുകയായിരുന്നു. ശരത് വിലപേശിയെങ്കിലും വഴങ്ങാൻ ബിജെപി നേതൃത്വം തയ്യാറായില്ല.

ശരത് മത്സരിച്ചു
ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ ശരത് മത്സരിച്ചു. സഖ്യസർക്കാരിനെതിരെ പടയൊരുക്കം നടത്തിയ വിമതരിൽ 11 പേരും വിജയിച്ചെങ്കിലും ഹോസ്കോട്ടിൽ അപ്രതീക്ഷിത വിജയം ശരത് നേടി. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ പിന്തുണയും ശരത്തിന് ലഭിച്ചിരുന്നു.

കൂറ്റൻ വിജയം
ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരിട്ട് 11,486 വോട്ടുകള്‍ക്കായിരുന്നു ഹോസ്കോട്ടെയില്‍ ശരത് വിജയിച്ചത്. വിജയത്തിന് പിന്നാലെ ശരത് കോൺഗ്രസുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.എന്നാൽ നേതാക്കൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

വൊക്കാലിംഗ സമുദായാംഗം
ഇപ്പോൾ ഡികെ അധ്യക്ഷനായതോടെ ശരത് പാർട്ടിയിലേക്ക് വരാനുള്ള നീക്കങ്ങൾ ശക്തമാക്കിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഡികെ ശിവകുമാർ ഉൾപ്പെട്ട വൊക്കാലിംഗ സമുദായാംഗമാണ് ശരത്. ജില്ലാ നേതൃത്വവുമായി തന്റെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച് ശരത് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

കെപിസിസിക്ക് മുൻപിൽ
ജില്ലാ നേതാവ് മുനിഷമണ്ണ ശരതുമായി ചർച്ച നടത്തി. ശതിന്റെ പാർട്ടി പ്രവേശനത്തിനുള്ള എല്ലാ വഴികളും തെളിഞ്ഞതായും കെപിസിസിക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയതായും കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

രാഹുൽ എത്തുന്ന ദിവസം
കർണാടകത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്ന ദിവസം പാർട്ടി വേദിയിൽ വെച്ച് ശരതിനെ കോൺഗ്രസിലേക്ക് സ്വീകരിക്കാനാണ് കോൺഗ്രസ് നീക്കം എന്നാണ്റുപ്പോർട്ടുകൾ. മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ പേരെ എത്തിക്കാൻ തങ്ങൾക്കും സാധ്യമാകുമെന്ന വ്യക്തമായ സന്ദേശം ബിജെപി നൽകുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.