ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി; മുഹമ്മദ് ഫൈസലിന് ആശ്വാസം
മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഒരാഴ്ച തികയും മുന്‍പെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു

ന്യൂദല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയ എന്‍ സി പി നേതാവും ലക്ഷദ്വീപ് മുന്‍ എം പിയുമായ മുഹമ്മദ് ഫൈസലിന് അനുകൂല വിധിയുമായി സുപ്രീംകോടതിയും. മുഹമ്മദ് ഫൈസലിനെതിരായ കീഴ്‌ക്കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത കേരള ഹൈക്കോടതി വിധി മാനിക്കണം എന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.
നേരത്തെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഒരാഴ്ച കഴിയുന്നതിന് മുന്‍പ് ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇതിനിടെ വധശ്രമ കേസിലെ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി വിധിയും ഫൈസലിന്റെ അഭിഭാഷകന്‍ ശ്രദ്ധയില്‍പ്പെടുത്തി.
ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി പരിഗണിച്ചത്. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുക്കുമ്പോള്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണം.

ചട്ടപ്രകാരം ക്രിമിനല്‍ കേസില്‍ ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാല്‍ ആ ദിവസം തന്നെ അയോഗ്യനാക്കണം എന്നാണ് പറയുന്നത്. എന്നാല്‍ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ വിധി കൂടി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 31 ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതും അനിശ്ചിതത്വത്തിലാണ്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആണ് മുഹമ്മദ് ഫൈസല്‍ അടക്കം നാല് പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല എന്നായിരുന്നു മുഹമ്മദ് ഫൈസല്‍ കോടതിയില്‍ പറഞ്ഞിരുന്നത്.
കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു മുഹമ്മദ് ഫൈസല്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഫൈസല്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications