അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെ; പേര് മാറ്റിയാല്‍ സ്വന്തമാവില്ലെന്ന് ചൈനയ്ക്ക് മറുപടി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്ത നടപടിയില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. പുനര്‍നാമകരണം ചെയ്തതുകൊണ്ട് അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള ഭൂപ്രദേശം നിയമാനുസൃതമാവില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ബുധനാഴ്ച വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെ വ്യക്തമാക്കി. അരുണാചലിലെ ആറ് സ്ഥലങ്ങള്‍ ചൈന പുനര്‍നാമകരണം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയിട്ടുള്ളത്.

അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ ക്രമീകരിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ബുധനാഴ്ചയായിരുന്നു. എന്നാല്‍ ചൈനയുടേത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമാണെന്ന് ചൈനീസ് മാധ്യമങ്ങളും സൂചന നല്‍കിയിരുന്നു. ചൈനയുടെ എതിര്‍പ്പ് മറികടന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചൈനയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശില്‍ അവകാശം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.

arunachal-pradesh

ഏപ്രില്‍ 14നാണ് ചൈനീസ് സിവില്‍ അഫേഴ്സ് മന്ത്രാലയം അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളെ ചൈനീസ്, റോമന്‍ ലിപികളില്‍ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായ ഇന്ത്യ അരുണാചല്‍ പ്രദേശ് എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനത്തെ ആറ് സ്ഥലങ്ങളുടെ പേരുകളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോങ്ഗ്യാന്‍ലിംഗ്, മിലാ റീ, ക്വയ്ഡെന്‍ഗാര്‍ബോ റി, മെയിന്‍ക്വ, ബുമോ ലാ, നംകാപബ് റി എന്നിങ്ങനെയാണ് റോമന്‍ ആല്‍ഫബെറ്റില്‍ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തിനിടെ അകമ്പടി സേവിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കാതെ ലാമയെ ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ അനുവദിച്ച ഇന്ത്യന്‍ നീക്കത്തിനെതിരെയാണ് ചൈനയുടെ നയതന്ത്ര പ്രതിരോധം.

English summary
Hitting back at China, India on Wednesday said that renaming or inventing a name did not make illegally held territory legal.
Please Wait while comments are loading...