പോലീസ് എത്തിയപ്പോള്‍ കസ്തൂരിയെ കാണാനില്ല; വീട് പൂട്ടിയ നിലയില്‍, ഫോണ്‍ സ്വിച്ച് ഓഫ്
ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തി പരമാർശം നടത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. വിവധി സംഘടനകൾ കസ്തൂരിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് കസ്തൂരി വിവാദ പരാമർശം നടത്തിയത്.
രാജാക്കന്മാരുടെ അന്ത:പുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരാണ് എന്ന് അവകാശപ്പെടുന്നുണ്ടെന്നും കസ്തൂരി പറഞ്ഞിരുന്നു.

ഇതിനെ പിന്നാലെ വലിയ പ്രതിഷേധം ഉയർന്നു. പരാതിക്ക് പിന്നാലെ കസ്തൂരിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ ഇവരുടെ വീട് പൂട്ടിക്കിടക്കുകയാണ്. മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് ഉള്ളത്. അതേ സമയം കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വിവാദ പരമാർശത്തിന് പിന്നാലെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി കസ്തൂരി എത്തിയിരുന്നു. തന്റെ പരമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് കസ്തൂരി പറഞ്ഞത്. തെലുങ്ക് വംശജരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത് എന്നും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് ഡി എം കെ സർക്കാരാണെന്നും കസ്തൂരി പറഞ്ഞിരുന്നു.
താൻ പറഞ്ഞ വാക്കുകൾ തെലുങ്ക് അഭിമാനത്തെയോ തെലുങ്ക് ജനതയെയോ ആന്ധ്രയെയോ സെലങ്കാനയെയോ അപമാനിക്കുന്നതല്ലെന്നും തമിഴരെന്ന് കരുതിപ്പോരുന്ന തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് മാത്രമാണെന്നും താരം പറഞ്ഞിരുന്നു. അതേ സമയം, അമരൻ സിനിമയിൽ മേജർ മുകുന്ദ് വരദരാജൻ ബ്രാഹ്മണ സമുദായത്തിൽ പെട്ട ആളാണ് എന്ന് കാണിച്ചില്ലെന്നും കസ്തൂരി പറഞ്ഞിരുന്നു. വിവാദം ഉയർന്നതിന് പിന്നാലെ കസ്തൂരി പത്ര സമ്മേളനം വിളിച്ചിരുന്നു. ഞാൻ തെലുങ്ക് സംസാരിക്കുന്ന ആളുകളെ മോശമാക്കിയിട്ടില്ല. എന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു. ഞാനും എന്റെ മക്കളും തമിഴിനെയും തെലുങ്കിനെയും രണ്ട് കണ്ണുകളായി കാണുന്നു എന്നായിരുന്നു പറഞ്ഞത്.
എന്നാൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ താരത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പ്ലേ ചെയ്യുകയും അപമാനകരമായ രീതിയിൽ താരം സംസാരിച്ചുവെന്ന് പറയുകയും ചെയ്തു. എന്നാൽ കസ്തൂരി വീഡിയോ കാണാൻ വിസമ്മതിക്കുകയും താൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം എന്നായിരുന്ന കസ്തൂരി പറഞ്ഞത്.
മലയാളത്തിൽ ഉൾപ്പെടെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. കസ്തൂരി ബി ജെ പി അനുഭാവിയാണ്.












Click it and Unblock the Notifications