കള്ളൻ കപ്പലിൽ തന്നെ!! രാജധാനി എക്സ്പ്രസിലെ മോഷണത്തിനു പിന്നിൽ...!!എല്ലാം പുറത്തു വരുന്നു?
മോഷണം നടത്തിയത് ട്രെയിനിലെ ജീവനക്കാർ തന്നെയാണെന്നാണ് സംശയം. മോഷണത്തിനു ശേഷം പഴ്സുകൾ ടോയ്ലെറ്റ്, ചവറ്റുകുട്ട എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ആഗ്ര: രാജധാനി എക്സ്പ്രസിലുണ്ടായ വൻകവർച്ചയ്ക്ക് പിന്നിൽ ട്രെയിൻ ജീവനക്കാരാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പതിനാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഏഴ് കോച്ച് അറ്റൻഡൻസ് സ്റ്റാഫുകളെയും ഏഴ് ഹൗസ് കീപ്പിങ് സ്റ്റാഫുകളെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് കവർച്ച നടന്നത്.
പത്ത് ലക്ഷത്തിലധികം രൂപയും ലാപ്ടോപ്, സ്മാർട്ട് ഫോൺ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിരുന്നു. ഓഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിലാണ് വൻ കവർച്ച നടന്നത്. രത്ലമിനും കോട്ടയ്ക്കും ഇടയിലായിരുന്നും മോഷണം. യാത്രക്കാരെ മയക്കിക്കിടത്തിയ ശേഷമാണ് കവർച്ച നടത്തിയത്.

സംശയിക്കാൻ കാരണം
മോഷണം നടത്തിയത് ട്രെയിനിലെ ജീവനക്കാർ തന്നെയാണെന്നാണ് സംശയം. മോഷണത്തിനു ശേഷം പഴ്സുകൾ ടോയ്ലെറ്റ്, ചവറ്റുകുട്ട എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. റെയിൽവെ സ്റ്റാഫുകൾക്ക് മാത്രം പ്രവേശനമുള്ള അടുക്കളയില്‍ നിന്നും പഴസ് കണ്ടെത്തിയതോടെയാണ് ഈ സംശയം ഉയർന്നിരിക്കുന്നത്.

ആദ്യ നടപടി സസ്പെൻഷൻ
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പതിനാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കോച്ച് അറ്റൻഡൻസ് സ്റ്റാഫുകളെയും ഹൗസ് കീപ്പിങ് സ്റ്റാഫുകളെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ആദ്യം അറിയുന്നത്
യാത്രക്കാരായിരുന്ന ടെലിവിഷൻ അവതാരകയും സഹോദരിയുമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഉടൻ തന്നെ സഹയാത്രക്കാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 12 യാത്രക്കാർ കവർച്ചയ്ക്ക് ഇരയായതായി വ്യക്തമായി.

ഉപേക്ഷിച്ച നിലയിൽ
മോഷണത്തിനു ശേഷം പഴ്സുകൾ പുതപ്പിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വില കുറഞ്ഞ ഫോണുകളും ഇതോടൊപ്പം ഉണ്ടായിരുന്നു. ആഭരണങ്ങളും വിലപിടിപ്പുള്ള സ്മാർട്ട് ഫോണുകളും മാത്രമാണ് മോഷ്ടാക്കൾ കൊണ്ടു പോയിരുന്നത്.

ഉറക്കത്തിനിടയിൽ
ഉറക്കത്തിനിടെയാണ് മോഷണം നടന്നത്. ഒമ്പതു കോച്ചുകളിലെ യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. എസി കോച്ചിൽ യാത്ര ചെയ്തിരുന്നവരെയാണ് കവർച്ച ചെയ്തത്. മോഷണത്തിനു മുമ്പ് പലർക്കും പെട്ടെന്ന് ഉറക്കം വന്നതായി ആരോപണം ഉണ്ട്.

സ്പ്രേ ചെയ്തു
മോഷണത്തിനു മുമ്പ് മയക്കുന്ന എന്തോ ഒന്ന് സ്പ്രേ ചെയ്തിരിക്കാമെന്ന ആശങ്ക യാത്രക്കാർ പങ്കുവച്ചിരുന്നു. റെയിൽവേ ജീവനക്കാർ അറിയാതെ മോഷണം നടക്കില്ലെന്നും യാത്രക്കാർ പറയുന്നുണ്ട്. എന്നാൽ മയങ്ങാൻ എന്തെങ്കിലും സ്പ്രേ ചെയ്തെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു.

പരിശോധന നടത്തുന്നതായി കണ്ടു
രാത്രിയിൽ ഒരാൾ മൊബൈൽ ടോർച്ചിൽ ലഗേജുകൾ പരിശോധിക്കുന്നതായി കണ്ടിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. റെയിൽവെ സ്റ്റാഫാണെന്നും ബെർത്ത് നമ്പർ പരിശോധിക്കുകയാണെന്നും അയാൾ പറഞ്ഞതായി യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications