Get Updates
Get notified of breaking news, exclusive insights, and must-see stories!

വാചക കസര്‍ത്ത് വേണ്ട.. ഇനിയെങ്കിലും മണിപ്പൂരിലേക്കൊന്ന് ശ്രദ്ധിക്കൂ; കേന്ദ്ര സര്‍ക്കാരിനോട് ആര്‍എസ്എസ്

നാഗ്പൂര്‍: മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണം എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മണിപ്പൂരില്‍ കലാപം തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ സന്ദര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നില്ല. 'മണിപ്പൂരിലെ സാഹചര്യം മുന്‍ഗണനയോടെ പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് വാചാടോപങ്ങള്‍ മറികടന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

RSS

മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനം സമാധാനപരമായിരുന്നു. എന്നാല്‍ പെട്ടെന്ന് തോക്ക് സംസ്‌കാരം വീണ്ടും വര്‍ധിച്ചു,' അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കേണ്ടത് പ്രധാനമാണ് എന്നും അതിന് മുന്‍ഗണന നല്‍കണം എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ ഭാഗവത്, ഫലം പുറത്തുവരികയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിനാല്‍ അത് എന്ത്, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാം എന്നും വ്യക്തമാക്കി.

സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കണം എന്നും അതുവഴി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാകും എന്നും ഭാഗവത് പറഞ്ഞു. തിരഞ്ഞെടുപ്പ് സമവായമുണ്ടാക്കാനുള്ള പ്രക്രിയയാണ്. പാര്‍ലമെന്റിന് രണ്ട് വശങ്ങളുണ്ട്. അതിനാല്‍ ഏത് ചോദ്യത്തിന്റെയും രണ്ട് വശങ്ങളും അവതരിപ്പിക്കാന്‍ കഴിയും എന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ലോകമെമ്പാടുമുള്ള സമൂഹം മാറിയിട്ടുണ്ട് എന്നും അതിന്റെ ഫലമായി വ്യവസ്ഥാപരമായ മാറ്റമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ് ജനാധിപത്യത്തിന്റെ സത്ത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പരസ്പരം ചീത്ത വിളിക്കുന്നത് സമുദായങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നത് കണക്കിലെടുക്കുന്നില്ലെന്ന് മോഹന്‍ ഭാഗവത് എടുത്തുപറഞ്ഞു.

ആര്‍എസ്എസിനെപ്പോലും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആളുകള്‍ പരസ്പരം ചെളിവാരിയെറിയുന്നതും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഭ്രാന്ത് ഒഴിവാക്കി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള മെയ്തികളും കുന്നുകളില്‍ നിന്നുള്ള കുക്കികളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മണിപ്പൂര്‍ വംശീയ അക്രമത്തിലേക്ക് വീണിരുന്നു. ഈ കലാപത്തില്‍ 200-ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. സമാധാന അന്തരീക്ഷം രൂപപ്പെടുന്നതിനിടെ വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്.

പൊതുവെ എല്ലാവരും സമധാനാത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞിരുന്നു ജിരിബാം ജില്ലയില്‍ ആണ് ഇപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി ജില്ലയില്‍ സായുധസംഘം അക്രമം നടത്തുകയാണ്. കഴിഞഞ ദിവസം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ വാഹനവ്യൂഹത്തിനെതിരെ വെടിവെയ്പ്പുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+